പോര്‍ക്കാവ് കടവ് പാലം തറക്കല്ലിട്ടിട്ട് ഏഴാണ്ട് കഴിഞ്ഞെങ്കിലും പൊതുജനങ്ങള്‍ക്ക് ആശ്രയം തെങ്ങിന്‍ തടി

പോത്താനിക്കാട്: കാളിയാര്‍ പുഴയിലെ പോര്‍ക്കാവ് കടവില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാളിയാര്‍ പുഴയ്ക്ക് കുറുകെ പറമ്പഞ്ചേരി- സിദ്ധന്‍പടി കരകളേയും ആയവന – കാവക്കാട് കരകളേയും തമ്മില്‍ ബന്ധിപ്പിച്ച് പോര്‍ക്കാവ് കടവില്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2016ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് റവന്യൂ വകുപ്പിന്‍റെ റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്നും 3 കോടി രൂപ പാലം നിര്‍മ്മാണത്തിനായി അനുവദിച്ചാണ് തറക്കല്ലിടീല്‍ നടത്തിയത്. അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശാണ് പാലത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. എന്നാല്‍, ഈ ശില ഇപ്പോള്‍ പോര്‍ക്കാവ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണത്രെ. സംസ്ഥാനത്ത് ഭരണം മാറിയതോടെ ഈ പദ്ധതി റവന്യൂ വകുപ്പ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രസിദ്ധമായ ആയവന പോര്‍ക്കാവ് പൊങ്കാലയില്‍ പങ്കെടുക്കാന്‍ പറമ്പഞ്ചേരി, സിദ്ധന്‍പടി, കാലാമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഭക്തര്‍ പുഴയ്ക്ക് കുറുകെയാണ് സഞ്ചരിക്കുന്നത്. പുഴയില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇത് അസാധ്യമാണത്രെ. ക്ഷേത്ര ഉത്സവസമയത്ത് പുഴയ്ക്ക് കുറുകെ തെങ്ങിന്‍ തടികളും മണല്‍ച്ചാക്കും ഉപയോഗിച്ച് താത്കാലീക നടപ്പാലം നിര്‍മ്മിച്ചാണ് നാട്ടുകാര്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്. ഒപ്പം, ആയവന വഴി മൂവാറ്റുപുഴ ,വാഴക്കുളം, ആനിക്കാട് ഭാഗങ്ങളിലേക്ക് പോകേണ്ട എളുപ്പമാര്‍ഗവുമാണിത് . ആയവന എസ്.എന്‍.യു .പി സ്കൂളിന് സമീപത്തു നിന്നും പോര്‍ക്കാവ് കടവ് വരെ പുതിയതായി റോഡും നിര്‍മ്മിച്ചിട്ടുണ്ടിപ്പോള്‍. കൂടാതെ മറുകരയിലും റോഡ് കടവുവരെ എത്തി നില്‍ക്കുന്നുണ്ട്. അത്തിമറ്റം കടവിലോ ചാലില്‍ കടവിലോ പാലം നിര്‍മ്മിച്ചാലും ഇവിടെ റോഡ് സൗകര്യം ലഭ്യമാണെന്ന് പരിസരവാസികള്‍ പറയുന്നു. പാലം നിര്‍മ്മിക്കാന്‍ അധികൃതര്‍ ഇനിയും നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ അരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: Content is protected !!