പൂതൃക്ക ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം

 

കോലഞ്ചേരി: ജില്ലയിൽ ഖരമാലിന്യ പരിപാലനത്തിൽ മികവുറ്റ പ്രവർത്തങ്ങൾ നടത്തിയ പൂതൃക്ക ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം. പൂതൃക്ക പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും മണിമലകുന്ന് ഗവ.കോളേജ് റിട്ട പ്രിൻസിപ്പൽ ഡോ.എൻ ഷാജി നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ പുരസ്കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ നാലുവർഷം ജൈവ അജൈവ മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തിനെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.

ഹരിത സേനാഗങ്ങൾ വീടുകൾ കയറി മാലിന്യങ്ങൾ ശേഖരിക്കുകയും അജൈവ മാലിന്യങ്ങൾ പഞ്ചായത്തിന്റെ ആർ ആർ എഫിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. ശുചിത്വ പദവിക്കായി നിശ്ചയിച്ച മാർക്കിൽ 100ൽ 85 മാർക്ക്‌ പഞ്ചായത്തിന് ലഭിച്ചു. ജില്ലയിലെ 27 പഞ്ചായത്തുകൾക്കാണ് ഈ പദവി ലഭിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, മഹാത്മഗാന്ധി തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയ്ക്കായി തെരഞ്ഞെടുത്തത്. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യസംസ്കരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും മെറ്റീരിയൽ ഫെസിലിറ്റി സെന്ററും ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുക, സർക്കാർ ഓഫീസുകളിലും, പൊതുചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുക തുടങ്ങിയ 20 നിബന്ധനകൾ സൂചകമായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. 100 ൽ 60 മാർക്ക് നേടിയവരെയാണ് ശുചിത്വ പദവിയ്ക്കായി തിരഞ്ഞെടുത്തത്.

പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മെമ്പർമാരായ പോൾ വെട്ടിക്കാടൻ, നീമ ജിജോ, സാലി ബേബി, ഡോളി സാജു, ഗീത ശശി, ജോൺ ജോസഫ്, എ സുഭാഷ്, ഷൈബി ബെന്നി, സെക്രെട്ടറി ദീപു ദിവാകരൻ, എൻ.വി കൃഷ്ണൻ കുട്ടി, എം വി. ഹരിലാൽ, സി ഡി എസ് ചെയർ പേഴ്സൺ ലത രാജു എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: പൂതൃക്ക ഗ്രാമ പഞ്ചായത്തിന് മണിമലകുന്ന് ഗവ.കോളേജ് റിട്ട പ്രിൻസിപ്പൽ ഡോ.എൻ ഷാജി സർട്ടിഫിക്കറ്റും ഫലകവും പ്രസിഡന്റ് ഷിജി അജയന് കൈമാറുന്നു

Back to top button
error: Content is protected !!