പൂത്തിലച്ചി മലയിൽ മണ്ണെടുപ്പ് രൂക്ഷം; തെരഞ്ഞെടുപ്പ് മറവിൽ കുന്നിടിക്കൽ.

 

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് എട്ടാം വാർഡ് നടുക്കുരിശിന് സമീപം അനധികൃത മണ്ണ് ഘനനം. പൂതൃക്ക പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പരിയാരം ലക്ഷംവീട് കോളനിയോട് ചേർന്ന് നിൽക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ചെരുവിലാണ് ദിവസങ്ങളായി അനധികൃത മണ്ണ് ഘനനം നടക്കുന്നത്. പഞ്ചായത്ത്, റവന്യു, പോലീസ് വകുപ്പുകൾ ഇലക്ഷൻ തിരക്കുകളിൽ വ്യാപൃതരായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് മറവിൽ പ്രദേശത്ത് മണ്ണ് മാഫിയ അഴിഞ്ഞാട്ടം നടത്തുന്നത്. നാളുകളായി ഘനന മാഫിയ പൂത്തിലച്ചി മല നോട്ടമിട്ട് വരികയാണ്. ഇടവേളകളിൽ ദിവസങ്ങളോളം കുന്നിടിച്ച് മണ്ണ്ഘനനം തുടരുന്നതും പിന്നീട് പരാതി ഉയരുമ്പോൾ കണ്ണിൽ പൊടി ഇടാൻ കുറച്ച് ദിവസം പ്രവർത്തനം നിറുത്തിവയ്ക്കുന്നതും ഇവിടെ പതിവാണ്. അധികാരി വർഗ്ഗത്തിൻ്റെ ഒത്താശയോടെയാണ് മണ്ണ് ലോബി പ്രദേശത്ത് വിളയാട്ടം നടത്തുന്നതെന്നും കടുത്ത ആക്ഷേപമുണ്ട്. ഇലക്ഷൻ സമയമായതിനാൽ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രദേശം രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു മേഖല കൂടിയാണ്. ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന പൂത്തിലച്ചിമലയുടെ ഒരു ഭാഗം തുരന്ന് മാറ്റുന്നത് മലയിടിയാനും പ്രദേശത്തെ ജൈവ സന്തുലിതാവസ്ഥ തകരാനും കാരണമാകും. വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ വിവിധ അധികാരികൾക്ക് പരാതിയും നല്കിയിട്ടുണ്ട്.( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!