പോലീസ് വാഹനം തകര്‍ത്ത കേസില്‍ അച്ഛനും മകനും പിടിയില്‍

വണ്ണപ്പുറം: ലഹരിമരുന്നു വില്‍പ്പന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പോലീസിനെ തള്ളിമാറ്റുകയും കാറിന്‍റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി.കുട്ടി മോട്ടോര്‍ എന്നു വിളിക്കുന്ന കാനാപ്പറന്പില്‍ നിസാര്‍ (43), മകൻ വസിം (19) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ വണ്ണപ്പുറത്തു നിന്നും ഇന്നലെ രാവിലെയാണ് പിടികൂടിയത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വണ്ണപ്പുറം ബൈപാസ് റോഡില്‍ ലഹരി മരുന്നു വില്‍പ്പന നടത്തുന്ന വിവരമറിഞ്ഞ് എസ്‌ഐ മാര്‍ട്ടിൻ ജോസഫും സിവില്‍ പോലീസ് ഓഫീസര്‍ ജോബിൻ ജോസഫും സ്ഥലത്തെത്തി. പോലീസ് ജീപ്പ് ഇല്ലാഞ്ഞതിനാല്‍ ഇവര്‍ കാറിലാണ് എത്തിയത്. പ്രതികളുടെവാഹനം പരിശോധിക്കുന്നതിനിടെ വസീം പോലീസിനെ തള്ളിമാറ്റി വീല്‍ സ്പാനര്‍ എറിഞ്ഞ് പോലീസ് എത്തിയ കാറിന്‍റെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

എസ്‌എച്ച്‌ഒ എച്ച്‌.എല്‍.ഹണി, എസ്‌ഐ മാര്‍ട്ടിൻ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ്‌ഓഫീസര്‍മാരായ മുഹമ്മദ്‌അൻസാര്‍, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍, അനീഷ് സത്താര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

(ഫയൽ ചിത്രം )

Back to top button
error: Content is protected !!