എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍

ആലുവ: ഒരു കിലോ എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. ബംഗലൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും, ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പന . ഡല്‍ഹിയില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം അടുത്ത ദിവസം തിരിച്ചുപോവുകയാണ് പ്രതിയുടെ പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം അവസാനം പറവൂരില്‍ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എംഡിഎംഎ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി. അനില്‍, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാല്‍, കെ.നന്ദകുമാര്‍ , എ.എസ്.ഐ വിനില്‍കുമാര്‍ , സീനിയര്‍ സി പി ഒ മാരായ അജിത തിലകന്‍, പി.എന്‍ നൈജു ., ദീപ്തി ചന്ദ്രന്‍ , മാഹിന്‍ഷാ അബൂബക്കര്‍, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Back to top button
error: Content is protected !!