പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ശേ​ഖ​രണം: സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ എറണാകുളം ജില്ലയില്‍ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ഇതിനായി സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഹൈക്കോടതി. പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ ജില്ലകളിലും ഇത്തരം സൗകര്യങ്ങള്‍ തീര്‍ത്തും കുറവാണെന്നും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബ്രഹ്‌മപുരത്ത് ഭൂമിക്കടിയിലുള്ളത് ഏഴുലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഴയും വെള്ളക്കെട്ടുമുണ്ടായാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിനടക്കുന്ന കാഴ്ചയാണ് കൊച്ചിയിലേതെന്ന് കോടതി ചൂണ്ടിക്കാട്ടി. മഴക്കാലമെത്തിയിട്ടും കനാലുകളിലേക്ക് തുറക്കുന്ന ഭാഗം പലയിടങ്ങളിലും വൃത്തിയാക്കാത്തതാണ് മാലിന്യമടിയുന്നതിന്റെ പ്രധാന കാരണം. കൊച്ചിയില്‍ ശരിയായ ഡ്രെയിന്‍ മാപ്പിംഗും ക്ലീനിംഗ് കലണ്ടറുമില്ലാത്തതിനാല്‍ ഓടകളുടെ ആഴവും ഒഴുക്കും കൃത്യമായി നിര്‍ണയിക്കാനാകുന്നില്ലെന്നും സ്റ്റേഡിയം ലിങ്ക് റോഡ് കനാല്‍ രണ്ടു തവണ ശുചിയാക്കിയിട്ടും വീണ്ടും പ്ലാസ്റ്റിക് തള്ളുകയാണെന്നും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

കളമശേരിയില്‍ മെട്രോയുടെ സ്ഥലത്തു നിന്ന് മാലിന്യം നീക്കാന്‍ കരാറെടുത്തിട്ടുള്ള സ്വകാര്യ ഏജന്‍സി ഇതെങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നതില്‍ വ്യക്തത വേണം. ആലപ്പുഴയില്‍ നിന്നുള്ള കക്കൂസ്, പ്ലാസ്റ്റിക് മാലിന്യമടക്കം ഫോര്‍ട്ടുകൊച്ചി തീരത്തേക്ക് ഒഴുകിയെത്തി അവിടെ അടിഞ്ഞു കൂടുന്ന സാഹചര്യമുണ്ടെന്ന് അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. നഗരസഭയും തുറമുഖ ട്രസ്റ്റിലെ വിദഗ്ധരുമായി ചേര്‍ന്ന് അടിയന്തര പരിഹാരം ആലോചിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഫാക്ട് വളപ്പിലെ ജിപ്സം മല നീക്കി ഹൈവേ വികസനത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തില്‍ ദേശീയപാത അഥോറിറ്റി തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്നും കുന്നിടിച്ച് മണ്ണു കൊണ്ടുവരുന്നതിലാണോ അഥോറിറ്റിക്ക് താല്‍പ്പര്യമെന്നും ചോദിച്ചു. കടലിന്റെ ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഉപയോഗിക്കുന്ന കാര്യത്തിലും പ്രതികരണമില്ല. എന്നാല്‍, കോടതി നിര്‍ദേശം അവഗണിച്ചതല്ലെന്നും ജിപ്സം മണ്ണുമായി കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ പഠനറിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നുമായിരുന്നു ഹൈവേ അധികൃതരുടെ മറുപടി. ഇക്കാര്യത്തിലുള്ള സാധ്യത വീണ്ടും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Back to top button
error: Content is protected !!