വാഴകളിലെ കുഴിപ്പുള്ളി രോഗം; കരുതല്‍ വേണം

മൂവാറ്റുപുഴ: വാഴകളില്‍ കുഴിപ്പുള്ളി രോഗം ബാധിക്കാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല.ടിഷ്യൂ കള്‍ചര്‍ വാഴത്തൈകളില്‍ ഇലകളിലും ഇളം തണ്ടുകളിലും ദീര്‍ഘവൃത്താകൃതിയിലുള്ള തവിട്ട് പുള്ളികള്‍ കാണപ്പെടുന്നതാണ് രോഗലക്ഷണം. ഓണവിപണി ലക്ഷ്യമാക്കിയുള്ള നേന്ത്രവാഴ കൃഷിയില്‍ കുലവരുന്ന സമയമാണിത്. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുള്ള തവിട്ടുപുള്ളികള്‍ രൂപപ്പെടുന്നു. തുടര്‍ന്ന് അവ എകദേശം അര സെന്റിമീറ്റര്‍ വലുപ്പമുള്ള കുഴികളായി മാറും. ഇവയ്ക്ക് ചുറ്റും പര്‍പ്പിള്‍ വലയങ്ങള്‍ കാണാം. രോഗം മൂര്‍ഛിക്കുന്നതോടെ ഇത്തരം കുഴികള്‍ ചേര്‍ന്ന് വാഴപ്പഴത്തിന്റെ തൊലി കരിഞ്ഞുപോകും.

കുലയ്ക്ക് വിപണിമൂല്യം കുറയും

കുമിള്‍ബാധ മൂലമുള്ള പുള്ളിക്കുത്തുകളും കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കും. മൂപ്പ് കൂടിയ കുല തോട്ടത്തില്‍ നിര്‍ത്തുകയാണെങ്കില്‍ ഈച്ചകള്‍ കായ്കളില്‍ മുട്ട ഇടുകയും ഇവ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കാമ്പിനുളളില്‍ വളരുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ ഭഷ്യയോഗ്യമല്ലാതായിത്തീരും. രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നതെങ്കിലും ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകള്‍, വാഴപ്പോള, ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളിലും കുമിള്‍ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

പൈറിക്കുലേറിയ എന്ന കുമിളിന്റെ ഗണത്തിളപ്പെട്ട പൈറിക്കുലേറിയ അംഗുലേറ്റയാണ് രോഗത്തിന് കാരണം. നേന്ത്രന്‍, ഗ്രാന്‍ഡ് നെയ്ന്‍, പൂവന്‍ (രസ്താളി), ഞാലിപ്പൂവന്‍ (നെയ്പ്പൂവന്‍) ഇനങ്ങളെയാണ് ഇതു ബാധിക്കുന്നത്. രോഗം ബാധിച്ച കായ്കളില്‍ നിന്ന് കുമിളിന്റെ വിത്തുകള്‍ വായുവിലേക്ക് വ്യാപിച്ച് രോഗം മറ്റ് വാഴകളിലേക്കും പടരും. കുഴിപ്പുള്ളി രോഗത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ.

നിയന്ത്രണ മാര്‍ഗങ്ങള്‍

ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി തോട്ടം വൃത്തിയായി സൂക്ഷിക്കുക.
ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് കുലകള്‍ പൊതിയരുത്. പകരം പോളിഎത്തിലീന്‍ കവര്‍/പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുക.
കായ്കളിലെ രോഗബാധയ്ക്ക് രോഗാരംഭത്തില്‍ തന്നെ സമ്പര്‍ക്ക കുമിള്‍ നാശിനികളായ മാങ്കോസെമ്പ് അല്ലെങ്കില്‍ കോപ്പര്‍
ഓക്‌സിക്ളോറൈഡ് 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ, കാര്‍ബെന്റാസിം 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളിച്ചുകൊടുക്കാം.

Back to top button
error: Content is protected !!