പിറവം വള്ളംകളി ഒകേ്ടാബര്‍ ഒന്നിന്

പിറവം: പിറവത്തെ ആവേശത്തിരയിലേക്കുയര്‍ത്തുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) വള്ളംകളി ഒകേ്ടാബര്‍ ഒന്നിന് നടക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഉള്‍പ്പടെ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളും ഒന്‍പത് ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും. ഉച്ചക്ക് 2 ന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരം ആരംഭിക്കുക. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരവും ഇതോടൊപ്പം നടത്താനാണ് തീരുമാനം. രണ്ട് മത്സരങ്ങളും ഇടകലര്‍ത്തി കലാ സംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് നടത്തുക. മത്സരം വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉച്ചക്ക് 2.40നാണ് നിശ്ചയിച്ചിട്ടുള്ളത്. വൈകിട്ട് 3.15 ന് പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് ശേഷം വൈകിട്ട് 4.15ന് പ്രാദേശിക വള്ളങ്ങളുടെ ഫൈനല്‍ മത്സരവും വൈകിട്ട് 4.30ന് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകിട്ട് 4.45 ന് നടക്കുന്ന സമ്മാനദാനത്തോടെയാണ് വള്ളംകളി അവസാനിക്കുക. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, ഫൈനല്‍ മത്സരാര്‍ത്ഥികളായ എന്‍.സി.ഡി.സി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍, പോലീസ് ബോട്ട് ക്ലബ് തുഴയുന്ന ചമ്പക്കുളം ചുണ്ടന്‍, ചുണ്ടന്‍ വള്ളങ്ങളായ യുണൈറ്റഡ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍, കെ.ബി.സി എസ്.എഫ്.ബി.സി ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് പാണ്ടി, കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന സെന്റ് പയസ് ടെന്‍ത്, എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന ദേവാസ്, വേമ്പനാട് ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടന്‍ തുടങ്ങിയവയാണ് സി.ബി.എല്ലില്‍ പിറവം പുഴയിലെ ജല രാജാവാകാന്‍ ഇറങ്ങുന്നത്.

 

Back to top button
error: Content is protected !!