പുഴക്കരക്കാവ് ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍: നടപടി സ്വീകരിക്കാതെ അധികൃതര്‍

മൂവാറ്റുപുഴ: പുഴക്കരക്കാവ് ക്ഷേത്രത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ജലം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടി സ്വീകരിക്കാതെ അധികൃതര്‍. മൂവാറ്റുപുഴ നഗരസഭയിലെ 22-ാം വാര്‍ഡില്‍ പുഴക്കരക്കാവ്ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പുഴയോര നടപ്പാതയിലേയ്ക്ക് ഇറങ്ങുന്ന കടവിനുസമീപം ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വിന് ചോര്‍ച്ച സംഭവിച്ചതിനെ തുടര്‍ന്നാണ് റോഡിലൂടെ ജലം പുഴയിലേക്കൊഴുകി തുടങ്ങിയത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലമാണ് നിത്യവും ഇവിടെ പാഴാകുന്നത്. വാട്ടര്‍ അതോററ്റി അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും യാതെരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. പൈപ്പ് പൊട്ടി പാഴകുന്ന വെള്ളം സമീപത്തെ കടവിലൂടെ നടപ്പാതയിലേക്കും പുഴയിലേക്കും ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം കടവിലെത്തുന്നവര്‍ ദുരിതത്തിലാകുകയാണ്. സമാനമായ രീതിയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം പാഴാകുന്ന സഹചര്യമാണ് നിലവിലുള്ളത്. പൈപ്പുകള്‍ തകര്‍ന്ന് വെള്ളം പാഴകുന്നതുമൂലം മൂവാറ്റുപുഴ നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ടിലാകുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Back to top button
error: Content is protected !!