കേരളംരാഷ്ട്രീയം

സംഘപരിവാറിനും കേന്ദ്രത്തിനുമെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താന്‍ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാര്‍ മഹത്വവല്‍കരിക്കുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്മാരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ ഭീതിയിലാക്കുന്നു. ഇതിനെതിരെ വലിയ തോതില്‍ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കണം.മുസ്ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെയും ആക്രമണം നടക്കുന്നു. കേരളത്തിന് പുറത്ത് കര്‍ണാടകത്തിലടക്കം വലിയ തോതില്‍ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബൈബിള്‍ നശിപ്പിക്കുന്നു, വൈദികര്‍ക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നു. കേരളത്തില്‍ സംഘപരിവാര്‍ തങ്ങളുടെ കൂടെ ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു. ചില പ്രീണന നയം സ്വീകരിച്ചാണ് സംഘപരിവാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ സംഘപരിവാറിന്റെ യഥാര്‍ത്ഥ നിലപാടെടുക്കാന്‍ അവര്‍ക്കാവില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും അനേകം രക്തസാക്ഷികളുണ്ട്. അവര്‍ ഇത്തരത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗീയ നിലപാടിനെതിരെ രക്തസാക്ഷിത്വം വഹിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഭരണ അട്ടിമറിക്ക് കേന്ദ്രം ശ്രമിക്കുന്നു. 121 രാജ്യങ്ങളില്‍ 107ാം സ്ഥാനത്താണ് പട്ടിണിയില്‍ ഇന്ത്യയുള്ളത്. ഏറ്റവും അസമത്വം വര്‍ധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ സമയത്ത് കേരളത്തിലെ ക്ഷേമ പരിപാടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു. രാജ്യത്ത് അനിയന്ത്രിതമായ വിലക്കയറ്റമാണ്. അത് ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. കഴിഞ്ഞ ആറര വര്‍ഷത്തില്‍ വിപണി ഇടപെടലിന് മാത്രം 9800 കോടി രൂപ കേരളത്തിലെ സര്‍ക്കാര്‍ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 300 കോടി രൂപ നല്‍കി.

 

 

Back to top button
error: Content is protected !!