പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘം: വായ്പകളില്‍ കോടികളുടെ വെട്ടിപ്പ്

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ് മുന്‍ സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് നിയമവിരുദ്ധമായി വായ്പകള്‍ എടുക്കുകയും ബിനാമി പേരിലും വായ്പ എടുത്താണ് വെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് നിക്ഷേപ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിക്ഷേപ സംരക്ഷണ സമിതി സെക്രട്ടറി എന്‍.എ. മായിന്‍കുട്ടി വ്യക്തമാക്കിയത്. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ സെക്രട്ടറിയും ഭരണസമതി അംഗങ്ങളുടെയും നിലവിലെ സെക്രട്ടറിയും ഭരണസമതി അംഗങ്ങളുടെയും പേരില്‍ ജോയിന്റ് രജിസ്ട്രാര്‍ പിഴയായി ചുമത്തിയിരിക്കുന്ന 33.34 കോടി രൂപ കുറ്റക്കാരായവരില്‍നിന്നും കണ്ടുകെട്ടി നിഷേപകര്‍ക്ക് തിരികെ നല്‍കുവാനുള്ള നടപടിയുണ്ടാകണമെന്ന് നിക്ഷേപ സംരക്ഷണസമതി ആവശ്യപ്പെട്ടു. വായ്പാ വിതരണത്തില്‍ പല ഈടുകളിന്മേലും മൂന്നിരട്ടി വില ഉയര്‍ത്തി കാണിച്ചും ഒരേ വസ്തുവിന്മേല്‍ത്തന്നെ ഒന്നിലധികം ബ്രാഞ്ചുകളില്‍നിന്ന് പല വായ്പകള്‍ തരപ്പെടുത്തിയുമാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഒരാളുടെ പേരില്‍ 20 ലക്ഷം രൂപയും ഒരു വസ്തുവില്‍ പരമാവധി മൂന്ന് വായ്പകള്‍ മാത്രമേ അനുവതിക്കാവൂ എന്നിരിക്കെ 10 മുതല്‍ 39 വായ്പകള്‍ വരെ ഒരു വസ്തുവില്‍ തന്നെ നല്‍കി തിരിമറി നടത്തിയിട്ടുണ്ട്.
കൂടാതെ ലോണ്‍ അനുവദിച്ചതില്‍നിന്നും ഒരു രൂപ പോലും തിരികെ അടക്കാതെ വര്‍ഷാവര്‍ഷം പലിശയും കണക്കില്‍ കൂട്ടി ചേര്‍ത്ത് വന്‍ തുകയുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. നിലവില്‍ എട്ട് മാസമായി നിക്ഷേപകര്‍ക്ക് നിക്ഷേപം പിന്‍വലിക്കാനോ ദൈനംദിന അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണം നല്‍കുന്നതിന് സംഘത്തിന് സാധിച്ചിട്ടില്ല. അന്വേഷണം നടത്തി കുറ്റകാരായവരുടെ കൈയ്യില്‍നിന്നു പണവും സ്വത്തും കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് നിക്ഷേപ സംരക്ഷണസമതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടി കള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 100 കോടിയിലധികം രൂപയാണ് വെട്ടിപ്പ് നടന്നിട്ടുള്ളതെന്ന് അറിയുന്നു. 60 ഓളം പേര്‍ പെരുമ്പാവൂര്‍ പോലീസില്‍ ഇതിനോടകം പരാതി നല്‍കി. 15 ഓളം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പി.ഐ. വില്‍സന്‍, കെ.എം. ഉമ്മര്‍, കെ.വി. തങ്കച്ചന്‍, വി.എച്ച്. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!