കുരുന്നുകളെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങളുമായി വരവേറ്റ് പെരുമ്പാവൂര്‍ ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം

പെരുമ്പാവൂര്‍ : ആദ്യമായി അക്ഷര മുറ്റത്തേക്ക് പിച്ചവച്ചെത്തിയ കുരുന്നുകളെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങളുമായി വരവേറ്റ് പെരുമ്പാവൂര്‍ ഉപജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടത്തി. പൂനൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി മാതാപിതാക്കളുടെ കൈപിടിച്ച് വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് ബലൂണുകളും മധുരവും നല്‍കിയാണ് ക്ലാസ് മുറികളിലേക്ക് ആനയിച്ചത്. കുട്ടികളുടെ കലാപരിപാടികള്‍ പുതിയ അധ്യായന വര്‍ഷത്തിന് ഉണര്‍വ് പകര്‍ന്നു. പെരുമ്പാവൂര്‍ ഉപജില്ലയില്‍ ഉള്‍പ്പെടുന്ന 54 സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് 2023 -24 അധ്യയന വര്‍ഷത്തില്‍ 1305 കുട്ടികള്‍ പ്രവേശനം നേടി.  വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി മാലിന്യ മുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും ഉപജില്ലയിലെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും അതിനായി കുട്ടികളെ പരിശീലിപ്പിക്കുമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. രമ പറഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി, പഞ്ചായത്ത് അംഗങ്ങളായ ഷിജി എം. വര്‍ഗീസ്, ടി.ടി പ്രിയദര്‍ശിനി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എസ് ശ്രീലത, വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ്, പി.ടി.എ, എം.പി. ടി.എ അംഗങ്ങള്‍,  അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!