പെരുമ്പാവൂർ പെരുമാനിയിൽ ഗ്രാമീണ മൈതാനം എം.എൽ.എ നാടിന് സമർപ്പിച്ചു

 

പെരുമ്പാവൂർ : പെരുമാനി ഗവ. യു. പി സ്കൂളിൽ നിർമ്മിച്ച ഗ്രാമീണ മൈതാനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20.39 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

മണ്ഡലത്തിലെ കായിക സ്വപ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതിയാണ് ഇത്. പെരുമാനി ഗവ. എൽ.പി സ്‌കൂളിന്റെ 90 സെന്റോളം വരുന്ന സ്ഥലം നവീകരിച്ചാണ് ഗ്രാമീണ മൈതാനം സജ്ജീകരിച്ചത്. മൈതാനത്തിന് 4 വശങ്ങളിൽ ചുറ്റും കെട്ടി കോൺക്രീറ്റ് ചെയ്യുകയും പ്രതലം മണ്ണിട്ട് ലെവൽ ചെയ്യുകയും ചെയ്തു. 2520 ചതുരശ്രയടി ചുറ്റളവിൽ ഫെൻസിംഗ് സ്ഥാപിച്ചു ഗാലറി സ്ഥാപിക്കുകയും രണ്ടു നിരകളിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും അവരുടെ കയികപരമായ ഉന്നമനത്തിന് യഥാസമയം പരിശീലനം ലഭ്യമാക്കുന്നതിന് ഈ പദ്ധതി ഏറെ സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം നിർവഹിച്ചത്.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാതി റെജികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോജി ജേക്കബ്ബ്, വെങ്ങോല ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽദോ മോസസ്, പഞ്ചായത്ത് അംഗം ജിഷ ടീച്ചർ, കെ.എൻ സുകുമാരൻ, ഹെഡ്മിസ്ട്രസ് ജോളി വർഗീസ്, പി.ടി.എ പ്രസിഡന്റ്‌ പി ശ്യാമിൽ, എം.കെ ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!