പെരുമ്പാവൂർ ഇരിങ്ങോൾ – വല്ലം റിംഗ് റോഡ്; സർവ്വേ പുനരാരംഭിക്കാൻ തീരുമാനം.

 

മൂവാറ്റുപുഴ: ഇടക്ക് നിർത്തിവെച്ച പെരുമ്പാവൂർ ഇരിങ്ങോൾ – വല്ലം റിംഗ് റോഡ് രണ്ടാം ഘട്ട സർവ്വേ പുനരാരംഭിക്കുവാൻ തീരുമാനം. പരിസരവാസികളുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നടത്തിയ ചർച്ചയിൽ സർവ്വേ നടപടികൾ തുടരുവാൻ തീരുമാനമെടുത്തു. സർവ്വേ നടപടികൾ നിർത്തിവെച്ചാൽ പദ്ധതി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉള്ളതെന്ന് എം.എൽ.എ. പറഞ്ഞു. പദ്ധതി നടപ്പിലാക്കുമ്പോൾ പരിസ്ഥിതിക്ക് ദോഷം വരുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുമ്പോൾ പരിസരവാസികളുടെ ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും എം.എൽ.എ പറഞ്ഞു. ഭാവി പെരുമ്പാവൂരിന്റെ വികസനത്തിന് റിംഗ് റോഡ് ഏറെ ആവശ്യമായ ഒരു ഘടകമാണ്‌. 3 മാസം കൊണ്ട് സർവ്വേ നടപടികൾ പൂർത്തീകരിക്കും. തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി നൽകി അനുമതി ലഭ്യമായാൽ മാത്രമാണ് തുടർ നടപടിയിലേക്ക് കടക്കുവാൻ സാധിക്കു. അതിനാൽ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അർത്ഥമില്ലെന്നും എം.എൽ.എ. പറഞ്ഞു. വികസന പദ്ധതികൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത് എന്നതിനാലാണ് സമൂഹ്യാഘാത പഠനം നിർബന്ധമാക്കിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് പാലങ്ങളും കലുങ്കുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും പദ്ധതിയുടെ പുതുക്കിയ അലൈന്മെന്റ് രേഖപ്പെടുത്തുന്ന നടപടികളുമാണ് ഇപ്പോൾ നടക്കുന്നത്. 20 ലക്ഷം രൂപയാണ് സർവ്വേ നടപടികൾക്കായി അനുവദിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. ജി.എസ്. ഇൻഫ്രാസ്ട്രക്ചർ ആണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്. നഗരസഭ കൗൺസിലർ അനിത പ്രകാശ്, രായമംഗലം പഞ്ചായത്ത് അംഗം കുര്യൻ പോൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പെരുമ്പാവൂർ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഈ മാസം 28 ന് എം.എൽ.എ. ഓഫിസിൽ അവലോകന യോഗം ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. തെരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ ഒന്നര മാസമായി ബൈപ്പാസിന്റെ നടപടിക്രമങ്ങൾ മുടങ്ങി കിടക്കുകയിരുന്നു. കെട്ടിടങ്ങളുടെയും ചുറ്റു മതിലുകളുടെയും വില നിർണ്ണയിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഏകദേശം പൂർത്തീകരിച്ചു. തുടർന്ന് നഷ്ടപരിഹാരം ആവശ്യമായി വരുന്ന സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു പുനരധിവാസ പാക്കേജിന് രൂപം നൽകും. ഇതിനായുള്ള തീയതിക്കും യോഗത്തിൽ തീരുമാനമാകും. ബൈപ്പാസിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും ഇതോടൊപ്പം വേഗത്തിലാക്കും. പദ്ധതി തയ്യാറാക്കുന്ന കിറ്റ്കോ ഉദ്യോഗസ്ഥരും നിർമ്മാണ മേൽനോട്ടം വഹിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരള അധികൃതരും രണ്ടാം ഘട്ട പദ്ധതി പ്രദേശം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതും യോഗത്തിൽ ചർച്ചയാകും.

ഫോട്ടോ : ഇരിങ്ങോൾ വല്ലം റിംഗ് റോഡുമായി ബന്ധപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വിളിച്ചു ചേർത്ത യോഗം.

Back to top button
error: Content is protected !!