പെരുമ്പാവൂർ ഗേൾസ് സ്‌കൂൾ ഉദ്ഘാടനത്തിന് സജ്ജമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ;ആറിന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

 

മൂവാറ്റുപുഴ: പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ നിർമ്മാണ പുരോഗതി എം.എൽ.എ. സന്ദർശിച്ചു വിലയിരുത്തി. 2017 ൽ അഞ്ച് കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു നിർമ്മാണം തുടങ്ങിയ പദ്ധതി കഴിഞ്ഞ വർഷം നവംബർ മാസത്തിൽ തന്നെ പൂർത്തീകരിക്കേണ്ടതായിരുന്നു. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതാണ് പദ്ധതി പൂർത്തികരിക്കുവാൻ വൈകിയതെന്ന് എം.എൽ.എ. പറഞ്ഞു. പഴയ കാലഘട്ടത്തിൽ പെരുമ്പാവൂരിൽ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആയതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയിലേക്ക് ശുപാർശ ചെയ്തതിനെ തുടർന്നാണ് കിഫ്ബിയിൽ നിന്നും തുക അനുവദിച്ചത്. 1890കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1700 ന് മുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായുള്ള 2 കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. നിലവിലുള്ള ഹയർസെക്കൻഡറി കെട്ടിടത്തിനോട് ചേർന്നുള്ള കെട്ടിടമാണ് ഒരെണ്ണം. താഴെ ഓഡിറ്റോറിയത്തിനോട് ചേർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ബ്ലോക്കിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. 12 ക്ലാസ് മുറികൾ കൂടാതെ ലൈബ്രറി, അധ്യാപകർക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാൾ, സ്റ്റോർ റൂമുകൾ, യു.പി. ബ്ലോക്കിൽ ഉൾപ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിർമ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്ക്കോസ് ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ട പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്..നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, മുൻ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജി. ഉഷകുമാരി, പി.ടി.എ
പ്രസിഡന്റ് ടി.എം. നസീർ, അബുബക്കർ പോഞ്ഞാശ്ശേരി, പൗലോസ് മേനാച്ചേരി എന്നിവർ എം.എൽ.എ.യോടൊപ്പം സന്ദർശിച്ചു.

Back to top button
error: Content is protected !!