പായിപ്ര കവലയിൽ ശുചിമുറിയും, ബസ് കാത്തിരിപ്പു കേന്ദ്രവും ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു.

 

 

മൂവാറ്റുപുഴ : ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന പായിപ്ര കവലയിൽ ശുചിമുറിയും, ബസ് കാത്തിരിപ്പു കേന്ദ്രവും ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന എംസി റോഡിലെ തിരക്കേറിയ പായിപ്ര കവലയിലെത്തുന്നവരാണ് പ്രാഥമിക ആവശ്യപോലും നിറവേറ്റാൻ പറ്റാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ നിസംഗത തുടരുകയാണെന്നാണ് ജനങ്ങളുടെ പരാതി. ആറു പതിറ്റാണ്ടുകൾ പിന്നിട്ട പഞ്ചായത്തിന്‍റെ തിരക്കേറിയ ജംഗ്ഷനിൽ ജനങ്ങൾക്കുവേണ്ട അടിസ്ഥാനാവശ്യങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ പഞ്ചായത്ത് ഭരണസമിതികൾ തയ്യാറായിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും മറ്റും സ്ഥിതി ചെയ്യന്ന കവലയിൽ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന വന്നു പോകുന്നത്. കൂടാതെ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ആയൂർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെക്കെല്ലാം എത്തുന്നവർ കവലയിലെത്തിയാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. കോവിഡ് മൂലം ഹോട്ടലുകളും കൃത്യമായി തുറന്നു പ്രവർത്തിക്കാതായതോടെയാണ് ദുരിതം ഇരട്ടിയായിരിക്കുകയാണ്. സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. മേതല, ചെറുവട്ടൂർ, കോതമംഗലം, പെരുന്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കടക്കം നാല് ബസ് സ്റ്റോപ്പുകളുള്ള കവലയിൽ ഒരിടത്തു പോലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടില്ല. യാത്രക്കാർ വെയിലും മഴയുമേറ്റ് കട വരാന്തകളിൽ നിന്നും ബസിൽ കയറേണ്ട അവസ്ഥയാണ്. കാത്തിരുപ്പു കേന്ദ്രം സ്ഥാപിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്പോൾ ഇരുമുന്നണികളും ഇക്കാര്യങ്ങൾ ഉന്നയിച്ച് വോട്ടു തേടുമെങ്കിലും ഭരണത്തിലേറുന്നതോടെ ഇതെല്ലാം മറക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.

 

ഫോട്ടോ ……………..

എംസി റോഡിലെ പായിപ്ര കവല.

Back to top button
error: Content is protected !!