ടാറിംഗ് പൊളിഞ്ഞ് പൊടി ഉയരുന്നു: യാത്രകകാര്‍ ദുരിതത്തില്‍

വാഴക്കുളം: ടാറിംഗ് പൊളിഞ്ഞ് പൊടി ഉയർന്ന് റോഡിൻ്റെ ഉപഭോക്താക്കൾ ദുരിതത്തിലായതായി പരാതി. മഞ്ഞള്ളൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലുൾപ്പെട്ട കദളിക്കാട് തെക്കുംമല റോഡിൽ നിന്നുള്ള നെല്ലിക്കുന്നേൽ താഴം – പാണപാറ കോളനി റോഡ് പ്രദേശവാസികൾക്കാണ് പരാതി. തെക്കുംമല കവലയിൽ നിന്ന് അരകിലോമീറ്റർ കഴിഞ്ഞ് കോളനിയിലേക്കുള്ള ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ടാർ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് പൊടി ഉയർത്തുന്നത്. റോഡിൻ്റെ ടാറിംഗ് നടത്തിയ ശേഷം പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്താതെ വർഷങ്ങളായി റോഡ് നശിക്കുകയായിരുന്നു. ഇതിനിടയിലാണ് ജൽ ജീവൻ പദ്ധതി പ്രകാരമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുത്തത്. കുഴി മൂടിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളെത്തുമ്പോൾ പ്രദേശമാകെ പൊടി ഉയരുകയാണ്. റോഡിൻ്റെ ഉപഭോക്താക്കളായ മുപ്പതോളം കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായി. റോഡിൻ്റെ വശങ്ങളിലുള്ള വീടുകൾ പൊടിയിൽ മുങ്ങിയിരിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ പൊടി ഉയർന്ന് വീട്ടുകാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വീടുകളിലുള്ള വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പൊടിശല്യം രോഗകാരണമാകുന്നതായും പരാതിയുണ്ട്.വേനൽ രൂക്ഷമായതോടെ വെള്ളമുപയോഗിച്ചുള്ള തുടർച്ചയായ ശുചീകരണവും അസാധ്യമായിരിക്കുന്നു. റോഡ് ടാറിംഗ് നടത്തി പൊടിശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.

Back to top button
error: Content is protected !!