പറവൂർ:-പോലീസ് ഇടപെട്ടു, വിദ്യാർത്ഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ ഒരു ലക്ഷത്തി പതിനാലായിരം രൂപ തിരികെ കിട്ടി.

 

മൂവാറ്റുപുഴ :റൂറൽ പോലീസ് ഇടപെട്ടു, വിദ്യാർത്ഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ ഒരു ലക്ഷത്തി പതിനാലായിരം രൂപ തിരികെ കിട്ടി. കഴിഞ്ഞ ജൂൺ മാസമാണ് പറവൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആമസോൺ വഴി 1,14,700 രൂപയുടെ ലാപ്പ്ടോപ്പ് ബുക്ക് ചെയ്തത്. അമ്മയുടെ അക്കൗണ്ടിൽ നിന്നും പണവും നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പാഴ്സലുമെത്തി. പാഴ്സൽ തുറന്ന് നോക്കിയപ്പോൾ ഉത്തരേന്ത്യയിലെ വേസ്റ്റ് പേപ്പറുകൾ മാത്രമാണുണ്ടായിരുന്നത്. പാഴ്സൽ തുറക്കുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ചിരുന്നു. ഫോട്ടോയും എടുത്തു. ഇത് വച്ച് ആമസോണിൽ പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് വിദ്യാർത്ഥി ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകിയത്. എസ്.പിയുടെ നേതൃത്വത്തിൽ ആലുവ സൈബർ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു. ആമസോണിനു വേണ്ടി ലാപ്പ്ടോപ്പ് നൽകിയത് ഹരിയാനയിൽ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തി. ഈ കമ്പനി കൃഷി – ഹെർബൽ സംബന്ധമായ ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സമ്മതിച്ചില്ല. ശാസ്ത്രീയ അന്വേഷണങ്ങളുടെയും, തെളിവുകളുടേയും വെളിച്ചത്തിൽ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയിൽ ലാപ് ടോപ്പിന് അടച്ച തുക വിദ്യാർത്ഥിനിക്ക് തിരികെ നൽകാമെന്ന് പറയുകയും കഴിഞ്ഞ ദിവസം അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. സൈബർ എസ്.എച്ച് ഒ എം.ബി ലത്തീഫ്, സീനിയർ സിവിൽ പോലിസ് ഓഫീസർ പി.എം തൽഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടർ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

Back to top button
error: Content is protected !!