മീമ്പാറയില്‍ പഞ്ചായത്ത് വക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മീമ്പാറയില്‍ പഞ്ചായത്ത് വക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1ഓടെയായിരുന്നു സംഭവം. മീമ്പാറ കിഴക്കേകവലയിലെ മൂന്നുനിലകളുള്ള കൂറ്റന്‍ കെട്ടിടത്തില്‍ പഞ്ചായത്ത് ഹരിത കര്‍മസേന ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ ഏഴു മുറികളിലും പുറത്തുമായി ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തീ ആളിക്കത്തി. 3,000 ചതുരശ്ര അടിയോളം സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചുവച്ചിരുന്നത്. കെട്ടിടത്തില്‍ തീ ഉയരുന്നതുകണ്ട സമീപവാസികളാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് പട്ടിമറ്റം, മുളന്തുരുത്തി എന്നിവിടങ്ങളില്‍നിന്ന് സേനയുടെ മൂന്നു യൂണിറ്റുകളെത്തി പുലര്‍ച്ചെ 3.30ഓടെ തീയണയ്ക്കുകയായിരുന്നു. പുത്തന്‍കുരിശ് പോലീസ് സംഘവും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തീ പിടിയ്ക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും സമീപത്തെ ബാങ്കിന്റെ സിസി ടിവിയില്‍ സംഭവ സമയം ഒരാള്‍ ഓടുന്നത് കണ്ടെത്തിയതായി വിവരമുണ്ട്. പുത്തന്‍കുരിശ് പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ കെട്ടിടത്തിനകത്തും പുറത്തുമായി നൂറു കണക്കിനു ചാക്കുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: Content is protected !!