പല്ലാരിമംഗലം സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വ്യവസായ – കായിക വകുപ്പുമന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പല്ലാരിമംഗലത്ത് നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ച് നിലവിലുള്ള മഡ് ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വിപുലീകരണം, ലെവലിംഗ്- റോളിംഗ് പ്രവൃത്തികള്‍, സംരക്ഷണ ഭിത്തി നിര്‍മിക്കല്‍, ഗ്രൗണ്ടിന് ഇരുവശത്തും കരിങ്കല്‍ ഗ്യാലറികള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, ചെയ്ഞ്ച് റൂമിന്റെ നിര്‍മാണം, ഫെന്‍സിംഗ് സ്ഥാപിക്കല്‍, രാത്രികാല പരിശീലനത്തിന് പ്രയോജനപ്പെടുന്നവിധത്തിലുള്ള എല്‍.ഇ.ഡി. ലൈറ്റിംഗ് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് സ്‌റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നത്. 2000 ല്‍ ജമാല്‍ മുഹമ്മദ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് വെള്ളാരമറ്റം കേന്ദ്രീകരിച്ച് ഒരേക്കര്‍ സ്ഥലം ഏറ്റെടുത്ത് കളിസ്ഥലം യാഥാര്‍ഥ്യമാക്കിയത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി (ഇന്‍ ചാര്‍ജ്) ജെ.ആര്‍. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം. അബ്ദുല്‍ കരീം, സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ റിയാസ് തുരുത്തേല്‍, എ.എ. രമണന്‍, സി.പി.ഐ.എം. ഏരിയാ കമ്മിറ്റിയംഗം കെ.ബി. മുഹമ്മദ്, ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീന്‍ നന്ദി അര്‍പ്പിച്ചു.

ഫോട്ടോ: പല്ലാരിമംഗലം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു

Back to top button
error: Content is protected !!