പല്ലാരിമംഗലം പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു.

 

മൂവാറ്റുപുഴ:പല്ലാരിമംഗലം പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അവതരിപ്പിച്ച ബജറ്റിൽ 11,80,44,624 രൂപ വരവും 11,70,64,600 രൂപ ചെലവും, 980024 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. വീടും സ്ഥലവുമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കുടിവെള്ളം, വനിതാ, ശിശു, യുവജന ക്ഷേമം, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ബജറ്റ്.
ഇതുകൂടാതെ പഞ്ചായത്തില്‍ കന്നുകാലി ചന്ത ആരംഭിക്കും. ഹരിതകര്‍മ്മ സേനയുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിനുള്ള നടപടികള്‍, കുടുംബശ്രീയുടെ സഹകരണത്തോടെ കാറ്ററിംഗ് യൂണിറ്റ്, ബാഡ്മിന്റണ്‍ കോര്‍ട്ട്, അടിവാട് കൃഷിഭവന് സമീപമുള്ള വനിതാക്ഷേമ കേന്ദ്രം കേന്ദ്രീകരിച്ച് മാംസ, മത്സ്യ, പച്ചക്കറി മാര്‍ക്കറ്റ് ആരംഭിക്കും.
പുലിക്കുന്നേപ്പടി, മണിക്കിണര്‍ കേന്ദ്രീകരിച്ച് അംഗന്‍വാടി രൂപീകരിക്കും. പഞ്ചായത്ത് റോഡുകള്‍ക്കെല്ലാം ദിശാബോര്‍ഡ് സ്ഥാപിക്കും. 11ആം വാര്‍ഡ് അംഗന്‍വാടിക്ക് സ്ഥലം വാങ്ങും. പി.എസ്.സി. കോച്ചിംഗ് സെന്റര്‍ ആരംഭിക്കും. പരമ്പരാഗത ജലസ്രോതസായ അടിവാട് ചിറ സംരക്ഷിക്കും. അംഗന്‍വാടികളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കും, പരീക്കണ്ണി പുഴയില്‍ ആവശ്യമായ സ്ഥലത്ത് ചെക്ക്ഡാം നിര്‍മ്മിക്കും. ഉല്‍പാദനമേഖല 6100000, സേവന മേഖല 45462600, പശ്ചാത്തലമേഖല 1800000, ഇതരമേഖല 50000, മെയിന്റനന്‍സ് പദ്ധതികള്‍ 14399000, മറ്റ് ഗ്രാന്റുകള്‍ 500000, ക്ഷേമപദ്ധതികള്‍ 2100000, വായ്പ തിരിച്ചടവ് 600000, മൂലധന ചെലവുകള്‍ (ആസ്തി സൃഷ്ടിക്കല്‍) 13750000 എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി.ആര്‍. മനോജ്, അക്കൗണ്ടന്റ് വി.വി. സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ഒ.ഇ. അബ്ബാസ് ബജറ്റ് അവതരിപ്പിക്കുന്നു.

Back to top button
error: Content is protected !!