പോത്താനിക്കാട്

പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറി അത്യാധുനിക നിലവാരത്തിലേക്ക് ഉയരുന്നു.

പല്ലാരിമംഗലം: ഗ്രാമപ്രദേശങ്ങളിലെ ഗവ സ്‌കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിയും അത്യാധുനിക നിലവാരത്തിലേക്ക് ഉയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പുതിയ മൂന്നുനില കെട്ടിടത്തിലാണ് നവീകരിച്ച ലൈബ്രറി സജ്ജീകരിക്കുന്നത്. ജില്ലാ പഞ്ചായത്താണ് ലൈബ്രറി നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ലൈബ്രറി സയന്‍സ് അനുശാസിക്കുന്ന പ്രകാരം ഡ്യുവേ ഡെസിമല്‍ ക്ലാസിഫിക്കേഷന്‍ (ഡിഡിസി) പ്രകാരമാണ് ക്രമീകരണം.
1876 ല്‍ അമേരിക്കയിലെ പ്രശസ്തനായ അധ്യാപകനും ലൈബ്രേറിയനുമായ മെല്‍വിന്‍ ഡ്യുവേയാണ് ആധുനിക രീതിയില്‍ ലൈബ്രറി നവീകരിക്കുന്നതിന് വ്യവസ്ഥാപിതമായ സമ്പ്രദായം രൂപപ്പെടുത്തിയത്. അതേരീതി അവലംബിച്ചുകൊണ്ട് ക്രമീകരിക്കുന്ന ജില്ലയിലെ ആദ്യത്തെ ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവ സ്‌കൂള്‍ ലൈബ്രറി. കഴിഞ്ഞ മൂന്നുമാസമായി ഇതിന്റെ പണിപ്പുരയിലാണ് ഇവിടുത്തെ അധ്യാപകരും ജീവനക്കാരും. 1962 മുതല്‍ സ്‌കൂളില്‍ ചെറിയ രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1887- 1897 കാലയളവില്‍ ശ്രീനാരായണ ഗുരു രചിച്ച കവിതകളുടെ അപൂര്‍വ ശേഖരം അടക്കം ലൈബ്രറിയില്‍ ഇപ്പോഴുമുണ്ട്. സ്‌കൂളിലുള്ള 8500 ഓളം ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തുകഴിഞ്ഞു. എല്ലാ പുസ്തകങ്ങളിലും ക്ലാസിഫിക്കേഷന്‍ നമ്പറും, അക്‌സഷന്‍ നമ്പറും അടക്കമുള്ള ബാര്‍കോഡ് രേഖപ്പെടുത്തുന്നതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് അധ്യാപകര്‍.
ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ വന്നിരുന്ന് വായനാശീലം വര്‍ധിപ്പിക്കുന്നതിനും അതുവഴി മാനസിക ശാരീരിക സന്തോഷം കൂട്ടുന്നതിനും ഉതകുന്ന രീതിയിലാണ് ലൈബ്രറി സജ്ജീകരിക്കുന്നതെന്ന് പ്രോജക്ട് ഹെഡ് വിഎസ് രവികുമാര്‍ പറഞ്ഞു. ലൈബ്രറി മോഡണൈസേഷന്‍ പ്രോജക്ട് ഹെഡ് വി എസ് രവികുമാര്‍, ലൈബ്രേറിയന്‍ എം സീനത്ത്, സ്റ്റാഫ് കെ എം സനീറ എന്നിവര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പടം…
പല്ലാരിമംഗലം ഗവ സ്‌കൂള്‍ ലൈബ്രറി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജോലിയിലേര്‍പ്പെട്ട അധ്യാപകരും ജീവനക്കാരും

Back to top button
error: Content is protected !!
Close