പായിപ്ര ഗവ യു പി സ്കൂളിലെ കുട്ടികൾക്ക് സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകി  

 

 

 

 

മൂവാറ്റുപുഴ :കോവിഡ് കാലത്ത് കൈ കഴുകുന്നതിനും വ്യക്തിശുചിത്വത്തിനും, വളരെ അത്യാവശ്യമായി മാറിയ സോപ്പുകൾ സ്വന്തമായി നിർമ്മിക്കുന്നതിന്റെ ഭാഗമായി പായിപ്ര ഗവ യു പി സ്കൂളിലെ കുട്ടികൾക്ക് സോപ്പ് നിർമ്മാണത്തിൽ പരിശീലനം നൽകി. മഴവിൽ എന്ന പേരിൽ തയ്യാറാക്കിയ സോപ്പുകൾ ആദ്യ ഘട്ടത്തിൽ സൗജന്യമായും പിന്നീട് കുറഞ്ഞ വിലയിൽ വിപണനം നടത്താനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാലയം. സോപ്പ് കിറ്റിലെ നിർമ്മാണ സാമഗ്രികൾ കുട്ടികൾ പരിചയപ്പെടുകയും ശുദ്ധമായ വെളിച്ചെണ്ണയിൽ കുട്ടികളുടെ സഹായത്തോടെയുമാണ് സോപ്പുകൾ നിർമ്മിച്ചത്. ഏഴാം ക്ലാസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സോപ്പ് നിർമ്മാണം പഠന വിഷയമായതിനാൽ നേരനുഭവത്തിനും കുട്ടികൾക്ക് സാധിച്ചു. ഏറെ താൽപര്യത്തോടെയും കൗതുകത്തോടെയുമാണ് കുട്ടികൾ സോപ്പ് നിർമ്മാണത്തിൽ പങ്കാളികളായത്. വീട്ടിൽ സ്വന്തമായി സോപ്പ് നിർമ്മിക്കും എന്ന ആത്മവിശ്വാസമാണ് പരിശീലനം നേടിയ കുട്ടികൾ പങ്കുവെച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി ഉദ്ഘാടനം ചെയ്തു. സോപ്പ് നിർമ്മാണം എന്തിന്? എങ്ങിനെ ? എന്ന വിഷയത്തിൽ അധ്യാപകനായ കെ എം നൗഫൽ ക്ലാസ് നയിച്ചു. അധ്യാപകരായ അജിത രാജ്, ഗ്രീഷ്മ വിജയൻ, സെലീന എ, അജീന ഷെഫീഖ്, സഹദിയ കെ എം , അനീസ കെ എം , റഹ്മത്ത് എഎം എന്നിവർ നേതൃത്വം നൽകി.

 

ചിത്രം : പായിപ്ര ഗവ യു പി സ്കൂളിൽ നിർമ്മിച്ച മഴവിൽ സോപ്പുമായി കുട്ടികൾ .

Back to top button
error: Content is protected !!