പായിപ്രയില്‍ 54 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം.

 

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. ഇതുവരെ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പടർന്നു പിടിക്കുകയാണ്. സമീപ പഞ്ചായത്തുകളായ വാരപ്പെട്ടി, ആയവന പഞ്ചായത്തുകളിലെല്ലാം തന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്രയില്‍ ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ അടക്കം 54 പേരാണ് ചികിത്സയിലുള്ളത്. നിരവധിയാളുകള്‍ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിഞ്ഞ് വരുന്നുണ്ട്. മുടവൂര്‍, പേഴയ്ക്കാപ്പിള്ളി, നിരപ്പ്, ഈസ്റ്റ് വാഴപ്പിള്ളി, തട്ടുപറമ്പ് പ്രദേശങ്ങളിലാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. 2017ല്‍ പഞ്ചായത്തില്‍ 300 പേര്‍ക്കാണ് ഡെങ്കിപ്പനി പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്താണ് പായിപ്ര. മാലിന്യ സംസ്‌കരണമില്ലാത്തതിനാല്‍ പഞ്ചായത്തിലെ പൊതുനിരത്തിലടക്കം മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്രയില്‍ റബ്ബര്‍ തോട്ടങ്ങള്‍, കോഴി ഫാമുകള്‍ അടക്കമുള്ളതിനാല്‍ കൊതുകുകള്‍ വളരുന്നതിനും മറ്റും സാധ്യത കൂടുതലാണ്. പഞ്ചായത്തില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ ഇന്ന്  എല്‍ദോ എബ്രഹാം എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ പായിപ്രയില്‍ ഉന്നതതല യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. കൊതുക് പരുത്തുന്ന രോഗമായതിനാല്‍ കൊതുക് നശീകരണമടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഓരോ വാര്‍ഡിലേയ്ക്കും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10000-രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ വാര്‍ഡിലേയും സാനിറ്റേഷന്‍ കമ്മിറ്റികള്‍ അടിയന്തിരമായി ചേരുന്നതിന് യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് എന്‍. എച്ച്. ല്‍ നിന്നും കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചു. എന്‍. എച്ച്. ന്റെ ഭാഗമായ കക്കടാശ്ശേരി മുതല്‍ പെരുമറ്റം വരെയും എം.സി. റോഡിന്റെ ഭാഗമായ തൃക്കളത്തൂര്‍ മുതല്‍ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിവരെയും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗമായ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള ഭാഗത്തെ ഓടകള്‍ ശുചീകരിക്കുന്നതിന് അതാത് വകുപ്പ് മേധവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസം പഞ്ചായത്തില്‍ വാഹനത്തില്‍ ഡെങ്കിപ്പനിക്കെതിരെയുള്ള പ്രചരണം നടത്താന്‍ തീരുമാനിച്ചു. ഇതോടൊപ്പം ഉറവിട മാലിന്യ സംസ്‌കരണ ക്യാമ്പയിന്‍ നടത്താനും തീരുമാനിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ഡബ്ബിംഗ് യാര്‍ഡിന് സമീപമുള്ള പഞ്ചായത്തിലെ 15ആം വാര്‍ഡില്‍ 16 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചിരിക്കുന്നത്. ഡബ്ബിംഗ് യാര്‍ഡില്‍ നിന്നാണ് പ്രദേശത്ത് രോഗം പടരുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനെ കുറിച്ച് പഠിച്ച് മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി തഹസീല്‍ദാറിനെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ്, വൈസ്പ്രസിഡന്റ് എം.പി. ഇബ്രാഹിം, തഹസീല്‍ദാര്‍ പി.എസ്. മധുസൂദനന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ. അനില്‍, ആമിന മുഹമ്മദ് റാഫി, സൈനബ സലീം, പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംമ്പന്ധിച്ചു.

 

Back to top button
error: Content is protected !!