പായിപ്ര പഞ്ചായത്തിലെ ബജറ്റ് വൈസ് പ്രസിഡന്റ് നിസ മൈതീന്‍ അവതരിപ്പിച്ചു. 

 

 

 

 

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ 396796860 രൂപയുടെ വരവും 393247612 രൂപയുടെ ചെലവും 3549248 രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീന്‍ അവതരിപ്പിച്ചു. പഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും വയോജനങ്ങള്‍ക്ക് മാസത്തില്‍ ഒരു ദിവസം പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ ഡോക്ടറുടെയും നേഴ്‌സിന്റെയും സേവനം ലഭ്യമാക്കുന്ന ഹാപ്പി ക്ലിനിക് എന്ന പദ്ധതി 20 ലക്ഷം ചെലവഴിച്ച് നടപ്പാക്കും. പോയാലി ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി റവന്യൂ വകുപ്പിന്റെ കൈവശമിരിക്കുന്ന സ്ഥലം അളന്നു തിരിച്ച് കൈമാറുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റു വഴി നടത്തി വരുന്നു. സ്ഥലം കൈമാറിക്കിട്ടിയാലുടന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 10 ലക്ഷം മാറ്റി വച്ചു. 50 ലക്ഷം ടൂറിസം വകുപ്പും 40 ലക്ഷം ത്രിതല പഞ്ചായത്തുകളും ചെലവഴിച്ച് പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി നടപ്പാക്കും. സമ്പൂര്‍ണ്ണ പാഴ്‌വസ്തു നിര്‍മ്മാര്‍ജ്ജന പഞ്ചായത്താക്കുന്നതിന് 25 ലക്ഷം ചെലവഴിച്ച് ഹരിതകര്‍മ്മ സേന വഴി പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്ലാസ്റ്റിക്, ചെരുപ്പുകള്‍, ബാഗുകള്‍, ഉപയോഗശൂന്യമായ ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങള്‍, ചില്ലുകള്‍, തുണികള്‍ എന്നിവയാണ് വാര്‍ഡടിസ്ഥാനത്തില്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം ആറ് കോടി 60 ലക്ഷം ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്കായി മാറ്റിവയ്ക്കും. 100 പുതിയ വീടുകള്‍ക്ക് ഈ വര്‍ഷം ധനസഹായം അനുവദിക്കുന്നതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഹഡ്‌കോയുടെയും നബാര്‍ഡിന്റെയും ധനസഹായം ഇതിനായി വിനിയോഗിക്കും. കറവപ്പശു സ്വന്തമായുള്ള മുഴുവന്‍ കൃഷിക്കാര്‍ക്കും മൃഗാശുപത്രി വഴി കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി 28 ലക്ഷം മാറ്റിയിട്ടുണ്ട്. ക്ഷീരോല്പാദക സഹകരണ സംഘം മുഖേന പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ വീതം സബ്‌സിഡി നല്‍കുന്നതിനാവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്. മുളവൂര്‍ യുപി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ 2023-24 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ണ്ണതയിലെത്തിക്കാനാവശ്യമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതിനായി 2021-22 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് അനുവദിച്ചിട്ടുള്ള 10 ലക്ഷത്തിന് പുറമെ ഇക്കൊല്ലം ഹാബിറ്റാറ്റ് വഴി 30 ലക്ഷവും പഞ്ചായത്തിന്റെ വിഹിതമായി 20 ലക്ഷവും ഉള്‍പ്പെടുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. പഞ്ചായത്തിലെ മുഴുവന്‍ കേര കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ തെങ്ങിലെ കീടങ്ങളെ തടയുന്നതിന് വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കി കൃഷിഭവന്‍ മുഖേന ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 18 ലക്ഷം നീക്കിവച്ചിട്ടുണ്ട്. ബജറ്റ് യോഗത്തില്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു.

Back to top button
error: Content is protected !!