കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മം: പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ അ​യോ​ഗ്യ​നാ​ക്കി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദിനെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മുസ്ലിം ലീഗിന് അനുവദിച്ച 10-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച നിസാര്‍ യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിമൂന്നംഗ ഭരണസമിതിയില്‍ ഇരുമുന്നണികളും ആറ് വീതം സീറ്റാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച സിസി ജെയ്‌സണ്‍, നിസാര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ ആറ് ആറംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായും നിസാര്‍ മുഹമ്മദ് വൈസ് പ്രസിഡന്റായും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ സിസി ജെയ്‌സണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിസാര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുകയും സിസിക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് വിപ്പ് ലംഘിച്ച് പിന്തുണയ്ക്കുകയും ചെയ്തു.

ഇതോടെ സിസി ജെയ്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിസാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയും സീമ സിബി പ്രസിഡന്റായും നിസാര്‍ മുഹമ്മദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൂറുമാറ്റ നിയമപ്രകാരം നിസാറിനെതിരെ നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും നിസാറിനെ അയോഗ്യനാക്കി കമ്മീഷന്‍ ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ താന്‍ സ്വതന്ത്രനായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തനിക്ക് യുഡിഎഫ് നിരുപാധികം പിന്തുണ നല്‍കുകയായിരുന്നുവെന്നും നിസാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പകര്‍പ്പ് ലഭിച്ചാലുടന്‍ കോടതിയെ സമീപിക്കുമെന്നും നിസാര്‍ മുഹമ്മദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചാല്‍ പഞ്ചായത്തില്‍ വീണ്ടും ഒരു ഭരണമാറ്റത്തിനുള്ള സാഹചര്യമാണുള്ളത്.

Back to top button
error: Content is protected !!