മൂവാറ്റുപുഴ

കതിരണിയാനൊരുങ്ങി മാറാടി പഞ്ചായത്തിലെ കടുവേലിപ്പാടം പാടശേഖരം.

 

മൂവാറ്റുപുഴ: കതിരണിയാനൊരുങ്ങി മാറാടി പഞ്ചായത്തിലെ കടുവേലിപ്പാടം പാടശേഖരം. ഫ്‌ളഡ് കണ്‍ട്രോള്‍ ആന്റ് ഡ്രെയ്‌നേജ് മനേജ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 1.06-കോടി രൂപ മുടക്കിയാണ് കടുവേലിപ്പാടം പാടശേഖരം നെല്‍കൃഷിക്കായി ഒരുക്കുന്നത്. 100-ഏക്കറോളം വരുന്ന കടുവേലിപ്പാടം പാടശേഖരം വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കടുവേലിപ്പാടം പാടശേഖരവും കൃഷി യോഗ്യമാക്കുന്നത്. വര്‍ഷങ്ങളായി തരിശായി കിടന്ന പാടശേഖരത്തില്‍ വെള്ളകെട്ടും കൃഷിയ്ക്കാവശ്യമായ ജലസേചനമൊരുക്കുന്നതിന് തോടുകളെല്ലാം തന്നെ നികന്ന് പോയതിനാല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്ന് പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫ്‌ളഡ് കണ്‍ട്രോള്‍ ആന്റ് ഡ്രെയ്‌നേജ് മാനേജ്‌മെന്റ് പദ്ധതിയില്‍ ആര്‍.ഐ.ഡി.എഫ്. ഉൾപ്പെടുത്തി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പാടശേഖരം കൃഷിയ്ക്കായി ഒരുക്കുകയായിരുന്നു. പാടശേഖരത്തിലെ തോടുകളെല്ലാം തന്നെ ആഴവും വീതിയും കൂട്ടുകയും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കുകയും ചെയ്തു. വേനല്‍ കാലത്ത് വെള്ളം ശേഖരിക്കുന്നതിന് ചെക്ക് ഡാമുകളും നിര്‍മ്മിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പാടത്തേയ്ക്ക് സുഗമമായി കൊണ്ട് വരുന്നതിന് റാമ്പുകളും റോഡുകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു. കടുവേലിപ്പാടം പാടശേഖരത്തിന്റെ നവീകരണം പൂര്‍ത്തിയായതോടെ മാറാടി പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ കടുവേലിപ്പാടം പാടശേഖരത്തിലെ നഷ്ടപ്പെട്ടുപോയ കൃഷിയുടെ തനിമ തിരിച്ച് വരവിനൊരുങ്ങുകയാണ്.

ചിത്രം- മാറാടി കടുവേലിപ്പാടം പാടശേഖരത്തിലെ തോടുകളുടെ നവീകരണം പൂര്‍ത്തിയായപ്പോള്‍………….

Back to top button
error: Content is protected !!
Close