ബേക്കറി ഉടമയെ അന്യസംസ്ഥാന തൊഴിലാളി സോഡാക്കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ചു

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളി നഗരത്തിലെ ബേക്കറിയിൽ കയറി ഉടമയെ സോഡാക്കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ കച്ചേരിത്താഴത്താണ് സംഭവം. എറണാകുളം തൃശൂർ ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ നിർത്തുന്ന സ്റ്റോപ്പിലും ഇതിനടുത്തുള്ള ബേക്കറിയിലുമാണ് ഇയാൾ അഴിഞ്ഞാടിയത്.തലക്ക് മുറിവേറ്റ കടയുടമ ഒഴക്കനാട്ട് റോബിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം ശ്രദ്ധ്യലപ്പെട്ടയുടൻ അക്രമിയെ നാട്ടുകാർ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. കടയുടെ മുൻപിലുണ്ടായിരുന്ന സോഡാക്കുപ്പി എടുത്തു കൊണ്ട് പോകാൻ തുടങ്ങിയത് തടഞ്ഞതോടെയാണ് ഇയാൾ റോബിക്കെതിരെ തിരിഞ്ഞത്. എടുത്ത കുപ്പി കൊണ്ട് തലക്കടിച്ച ഇയാൾ കമ്പിയും എടുത്തു കൊണ്ട് വന്ന് അക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെ ബസ് കാത്തുനിന്നവർക്കെതിരെയും അക്രമത്തിനു മുതിർന്നു. ഇവരുടെയടുത്തേക്ക് പാഞ്ഞടുത്ത് കളിയാക്കാനും അടിക്കാനും തുടങ്ങിയതോടെ നാട്ടുകാർ കൂടി. അക്രമം തുടരുമെന്ന് വന്നതോടെ ചറ്റുംകൂടിയവർ ഇയാളെ വീഴ്ത്തി. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തിയിരുന്നു . എന്നിട്ടും കൂസലില്ലാതെ അക്രമിക്കാനൊരുങ്ങി നിൽക്കുകയായിരുന്ന പ്രതിയെ പോലീസ് ബലപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.റോബിയുടെ പരിക്ക് ഗുരുതരമല്ല. പ്രതിയുടെ പേരും വിലാസവും കണ്ടെത്താനായി താമസ സ്ഥലത്തെത്തി തിരിച്ചറിയൽ രേഖകൾ ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ലഹരി കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.