‘ഉന്നതിയിലേയ്ക്കൊപ്പം’ കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്കയകറ്റാൻ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ..

 

മാറാടി :ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുമെന്ന ഭയത്താൽ നന്നായി പഠിക്കുമായിരുന്ന ദേവികയെന്ന മിടുക്കി ആത്മഹത്യ ചെയ്തത് ഈ അധ്യയന വർഷത്തിൻ്റെ തുടക്കം തന്നെ നമ്മളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇതു പോലെ എത്രയോ കുട്ടികൾ ആശങ്കയിൽ കഴിയുന്നുണ്ടാവും. ക്ലാസ് നഷ്ടപ്പെട്ടാൽ പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭീതി തീർച്ചയായും കുട്ടികൾക്ക് ഉണ്ടാവാം. കൂട്ടുകാരെ കാണാതെ അവരുമായി ഇടപഴകാതിരിക്കുമ്പോൾ കുട്ടികൾക്ക് നഷ്ടപ്പെടുന്നത് അവരറിയാതെ ആർജ്ജിച്ചെടുക്കപ്പെടുന്ന സോഷ്യൽ കോഷ്യൻ്റ്, ഇമോഷണൽ കോഷ്യൻ്റ് ഒക്കെയാണ്.അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരാണെങ്കിൽ തനിയെ ആകുന്ന കുട്ടികളുടെ സുരക്ഷയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. കൂടുതൽ സമയം വീട്ടിൽ തന്നെയാവുമ്പോൾ മൊബൈലിലേയ്ക്കും, ടെലിവിഷൻ കാഴ്ചകളിലേയ്ക്കും വീണുപോകുന്ന കുട്ടികൾക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളും, സ്വഭാവ പെരുമാറ്റ വൈകല്യങ്ങളും ഒക്കെ ഉണ്ടാവുക സ്വാഭാവികമാണ്.. ഈ അവസ്ഥ തുടർന്നു പോയാൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന ഒരു പാട് പ്രശ്നങ്ങളിൽ ചിലത് മാത്രമാണ് മേൽ പറഞ്ഞത്.

കുട്ടികളുടെ ഈ പ്രശ്നങ്ങൾ നാം ഇപ്പോൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന സോഷ്യൽ ക്രൈസിസിൻ്റെ ഭാഗമാണെന്നും എത്രയും വേഗം ഫലപ്രദമായ ഒരു ഇടപെടൽ നടത്തേണ്ടതുണ്ടെന്ന തിരിച്ചറിവിൽ എറണാകുളം വനിത ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ കൗൺസലേഴ്സ് കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ”ഉന്നതിയിലേയ്ക്കൊപ്പം” എന്ന പുതിയ പ്രോഗ്രാമിന് തുടക്കം കുറിക്കുന്നു. സ്കൂളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും.. മാത്രമല്ല ഐ.സി. ഡി.എസിലെ അംഗൻവാടികളും ഇവരുടെ പ്രവർത്തനമേഖലയായതുകൊണ്ട്.. ഓരോ അംഗൻവാടിയുടെ പരിധിയിൽ വരുന്ന..ഏത് കുടുംബത്തിലെയും കുട്ടികൾക്കും മാതാപിതാക്കൾക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാൽ കൗൺസലർമാർ ഇല്ലാത്ത എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇവരുടെ സേവനം ലഭ്യമാകുന്നത് ഈ പ്രത്യേക സാമൂഹിക സാഹചര്യത്തിൽ ഏറെ ആശ്വാസകരമായ കാര്യമാണ്. ടെലകോളിലൂടെയും, വീഡിയോ കോളിങ്ങിലൂടെയും.. കുട്ടികൾക്കും മാതാപിതാക്കൾക്കും.. മനസ് തുറന്നു ഇവരോട് സംവദിക്കാം.. തങ്ങളുടെ വീടിനടുത്തുള്ള അംഗൻവാടി വർക്കർമാർ വഴി ഇവരെ വിളിക്കാവുന്നതാണ്.
നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള ടെലി കൗൺസലിങ്ങിലൂടെ പതിനായിരത്തിലധികംആളുകളുടെ ജീവിതത്തിൽ ചെറുതും വലുതുമായ ഒരു പാട് മാറ്റം വരുത്താൻ എറണാകുളം സൈക്കോ സോഷ്യൽ കൗൺസലേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആ സേവനങ്ങളും തുടർന്നും സൗജന്യമായി നൽകാൻ ഇവർ സന്നദ്ധരാണ്.വനിത ശിശു വികസന വകുപ്പ് എറണാകുളം ജില്ലാ ഓഫീസർ ജെബിൻ ലോലിതാ സെയിൻ, പ്രോഗ്രാം ഓഫീസർ ജെ.മായാ ലക്ഷ്മി എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ .

Back to top button
error: Content is protected !!