ഓണത്തപ്പനെ വരവേറ്റ് വാളകം

മൂവാറ്റുപുഴ: പരമ്പരാഗതമായി മൺപാത്ര തൊഴിലിൽ ജോലി ചെയ്യുന്ന ഏകദേശം 35 ഓളം കുടുംബങ്ങളുണ്ട് വാളകം പഞ്ചായത്തിൽ. അവർ കൂടുതലും താമസിക്കുന്നത് ബഥനിപ്പടിയിലും, പെരുവംമൂഴി ഭാഗങ്ങളിലുമാണ്. 20 വർഷമായിട്ട് പാരമ്പര്യമായി പകർന്നു കിട്ടിയ തൊഴിൽ കുടുംബത്തോടെ തന്നെ ഓണത്തെ വരവേൽക്കാൻ കർക്കിടക മാസത്തിനു മുൻപേ തന്നെ കുഴിവേലിൽ മോഹനനും കുടുംബവും തങ്ങളുടെ വീട്ടിൽ തന്നെ കളിമണ്ണ് കുഴച്ചാണ് ഓണത്തപ്പന്മാരെ ഉണ്ടാക്കുന്നത്. ഓണത്തപ്പന്മാരെ ഉണ്ടാക്കുന്നതിന് കളിമണ്ണ് കൊണ്ടുവരുന്നത് പ്രധാനമായും തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ്. തികച്ചും വ്രതശുദ്ധിയോടെ തന്നെ ആണ് ഓണത്തപ്പനെ നിർമ്മിക്കുന്നത്. ശരീരശുദ്ധിക്ക് വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ട് തൃക്കാക്കരയപ്പനെ മനസ്സിൽ സങ്കൽപ്പിച്ച് നിലവിളക്ക് കൊളുത്തി വച്ചാണ് ഓണത്തപ്പ നിർമ്മാണം തുടങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കൊവി ഡിൻ്റെ അസ്വസ്ഥതകൾ നാട്ടിലെങ്ങും പരന്നപ്പോൾ ഓണാഘോഷങ്ങളെല്ലാം വളരെ ലളിതമായിരുന്നു. ഇക്കൊല്ലം അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുറച്ചു കൂടി കച്ചവടം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ കുടുംബം. ഓണത്തപ്പൻ ഒരു സെറ്റിന് 150 രൂപ മുതൽ 3000 വരെയുണ്ട്‌. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ തുടക്കം മുതൽ തിരുവോണ തലേ ദിവസമായ ഉത്രാടത്തിന് രാത്രി ഒരു മണി വരെയാണ് തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനിൽ ഇവർ ഓണത്തപ്പനെ വിൽക്കുന്നത്. അത് കൂടാതെ ആലുവ, ചേർത്തല എന്നിവിടങ്ങളിലേക്ക് ഹോൾസെയിലായും ഇവർ ഓണത്തപ്പനെ കൊടുക്കുന്നുണ്ട്. 3000 രൂപ വിലവരുന്ന ഓണത്തപ്പനെ കൈ കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. വളരെയധികം സമയം ചിലവഴിച്ചാണ് ഇത് ഉണ്ടാക്കിഎടുക്കുന്നത്. ഇത് വരെ ഏകദേശം 300 ഓളം എണ്ണം ഈ ടൈപ്പിലുള്ളത് ഉണ്ടാക്കി കഴിഞ്ഞു. ക്ലബുകളും, അസോസിയേഷനുകളും മറ്റും ഓണത്തപ്പന്റെ ഓർഡറുകൾ നേരത്തെ തന്നെ ബുക്ക് ചെയ്ത് വാങ്ങാനുള്ള തിരക്കിലാണ്.

Back to top button
error: Content is protected !!