കനാല്‍ തകര്‍ന്നത് ഉദ്യോഗസ്ഥ വീഴ്ച: ഒ.പി ബേബി

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയില്‍ കനാല്‍ തകരാനുള്ള പ്രധാനകാരണം മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ വെള്ളം തുറന്ന് വിട്ടതെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ്് ഒ.പി ബേബി, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍ എന്നിവര്‍ ആരോപിച്ചു. നിര്‍മ്മാണത്തിലെ അപാകതയും പരിശോധിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു. ആരക്കുഴ, മാറാടി പഞ്ചായത്തുകളുടെ പ്രധാന ആശ്രയമാണ് ഈ കനാല്‍. കനാല്‍ തകര്‍ന്നത് ഇരുപഞ്ചായത്തുകളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. മാറാടി പഞ്ചായത്ത് ജലജീവന്‍ പദ്ധതി പോലും ഇല്ലാത്ത പഞ്ചായത്താണ്. ജനങ്ങള്‍ ജലക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താലൂക്ക് സഭയിലടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം തുറന്ന് വിട്ടത്. കനാലിലെ മാലിന്യങ്ങള്‍ നീക്കാതെ വെള്ളം അയക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. കനാലുകളില്‍ വളര്‍ന്നിട്ടുള്ള മരങ്ങള്‍ പോലും വെട്ടിമാറ്റാത്ത അവസ്ഥയാണ്. വെട്ടിമാറ്റാന്‍ അനുമതി ലഭിച്ചാല്‍ തന്നെ വനം വകുപ്പ് വലിയ വിലയാണ് മരങ്ങള്‍ക്ക് ഈടാക്കുന്നത. ഇതോടെ ആരും മരം വെട്ടിയെടുക്കാന്‍ തയ്യാറാകുകയുമില്ല. കാട് വെട്ടിയും ചെളി നീക്കം ചെയ്തും കനാലിന് എല്ലാവര്‍ഷവും പരിപാലനം നടത്തണം ഇതിനായി ആവശ്യത്തിന് പണം ലഭിക്കുന്നില്ലന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കനാല്‍ തകര്‍ന്നതോടെ ഉപകനാലുകള്‍ ഉള്‍പ്പെടെ 50 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള ജലവിതരണ സംവിധാനമാണ് നിലച്ചത്. അടിയന്തിരമായി കാര്യക്ഷമമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ജോളിയും പങ്കെടുത്തു.

Back to top button
error: Content is protected !!