യുഡിഎഫിന് മിന്നും വിജയം

മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് മിന്നും വിജയം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച 13 മത്സരാര്‍ത്തികളെയും വിജയിപ്പിച്ചാണ് യുഡിഎഫ് തകര്‍പ്പന്‍ വിജയം കൈവരിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷമായി അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്ന ബാങ്കിന്റെ ഭരണമാണ് ഫുള്‍ പാനല്‍ വിജയത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. സഹകരണ സംരക്ഷണ മുന്നണി എന്ന പേരില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്തികളെ പരാജയപ്പെടുത്തിയാണ് സഹകരണ ജനാധിപത്യ മുന്നണിയുടെ പേരില്‍ മത്സരിച്ച യുഡിഎഫിന്റെ 13 മത്സരാര്‍ത്ഥികളും വിജയിച്ചത്. ശനിയാഴ്ച നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8 മുതല്‍ വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് വൈകിട്ട 7.30 ഓടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു.
വായ്പ എടുത്തിട്ടുള്ള അംഗങ്ങളുടെ പ്രതിനിധികളില്‍ എന്‍ പി ജയന്‍, പോള്‍ ലൂയിസ്, പി ജെ ജോസഫ്, മാത്യൂസ് വര്‍ക്കി, ബഷീര്‍ എംഎ, മൈതീന്‍കട്ടി, സജി റ്റി ജേക്കബ് എന്നിവരും, വായ്പാ ഇതര അംഗങ്ങളുടെ പ്രതിനിധികളായി ഏലിയാസ് പി എം, ടോമി പാലമല, എന്നിവരും വനിത പ്രതിനിധികളായി അനിത ബേബി, അന്നമ്മ പി ജി, രാജേശ്വരി മോഹനന്‍, എന്നിവരും, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിസംവരണ വിഭാഗത്തില്‍ എം സി കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് കള്ള വോട്ട് ആരോപണവുമായി ഇരുമുന്നണികളും രംഗത്തുവന്നുതോടെ പോളിംഗ് ബൂത്തില്‍ നേരിയ തോതില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മൂവാറ്റുപുഴ, പിറവം പ്രദേശങ്ങളുള്‍പ്പെടുന്ന മൂവാറ്റുപുഴ താലൂക്കിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 18000 സഹകാരികളാണ് ബാങ്കില്‍ ഉള്ളത്. 7 ബൂത്തുകളിലായി മുഴുവന്‍ സമയവും ക്യാമറ നിരീക്ഷണത്തിലായിരുന്നു വോട്ടെടുപ്പ് നടത്തിയത്.