പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി എന്‍ആര്‍ജി വര്‍ക്കേഴ്‌സ് യൂണിയന്‍

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പായിപ്ര വില്ലേജ് കമ്മിറ്റിയുടെനേതൃത്വത്തില്‍ പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരവും, പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിക്കലും നടത്തി. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വില്ലേജ് പ്രസിഡന്റ് എം.എ നൗഷാദ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ വില്ലേജ് സെക്രട്ടറി ഭവാനി ഉത്തരന്‍, കര്‍ഷകത്തൊഴിലാളി വില്ലേജ് സെക്രട്ടറി ഇ.എ ഹരിദാസ്, മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി സ്മിത ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ എ.റ്റി സുരേന്ദ്രന്‍, ജയശ്രീ ശ്രീധരന്‍, റെജീന ഷിഹാജ് യൂണിയന്‍ വില്ലേജ് ജോ സെക്രട്ടറി സി.പി റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര ഉത്തരവിന്റെ പേരില്‍ തൊഴിലാളികളെ 5 മുതല്‍ 10 വരെ സംഘങ്ങളായി തിരിച്ച് തൊഴില്‍ വീതിച്ച് നല്‍കി അളവിന്റെ പേരില്‍ കൂലി നിഷേധിക്കുന്നതടക്കുമുള്ള തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം, പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടോ, തനത് ഫണ്ടോ ഉപയോഗപ്പെടുത്തി വാര്‍ഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നിഷേധിച്ച ആയുധ വാടക ലഭ്യമാക്കണം, എല്ലാ മാസവും ഉദ്യോഗസ്ഥ ജനപ്രതിനിധികള്‍, മേറ്റ് സംയുക്ത യോഗം ചേര്‍ന്ന് പദ്ധതിയുടെ പുരോഗതിയും കാര്യക്ഷമതയും ഉറപ്പു വരുത്തണം, കൃത്യസമയത്ത് പ്രോജക്ടുകള്‍ തയ്യാറാക്കി അനുമതി ലഭ്യമാക്കി തൊഴില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും 100 തൊഴില്‍ ദിനം ഉറപ്പുവരുത്തണം, മഴക്കാലത്തോടനുബന്ധിച്ച് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ഗംബൂട്ട്, കൈയ്യുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് നിവേദനം നല്‍കിയത്.

Back to top button
error: Content is protected !!