എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ: രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Back to top button
error: Content is protected !!