പച്ചക്കറിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ശറഫുല്‍ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി ബംഗാളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് എത്തിച്ച് പ്രത്യേകം പൊതികളാക്കി വില്‍പ്പന നടത്തിവരികയായിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച ത്രാസും വില്‍പ്പന നടത്തിക്കിട്ടിയ 36500 ഓളം രൂപയും പോലീസ് കണ്ടെടുത്തു. കഞ്ചാവ് വാങ്ങിയിരുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എഎസ്‌ഐമാരായ ഷിബു മാത്യു, പി.എ അബ്ദുള്‍ മനാഫ്, സീനിയര്‍ സിപിഒമാരായ മനോജ് കുമാര്‍, കെ.എ അഫ്‌സല്‍, ബെന്നി ഐസക്, എ.ടി ജിന്‍സ് സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!