തൂക്കുപാലവും കോണ്‍ക്രീറ്റ് പാലവുമില്ലാതെ തോട്ടഞ്ചേരി: അക്കരെ ഇക്കരെ നിന്ന് ജനങ്ങള്‍

ആയവന: തോട്ടഞ്ചേരിയില്‍ തൂക്കുപാലവുമില്ല കോണ്‍ക്രീറ്റ് പാലവും ഇല്ല. ജനം അക്കരെ ഇക്കരെ തന്നെ. 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന തോട്ടഞ്ചേരി തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. കാളിയാര്‍ പുഴയുടെ ഇരു കരയിലുമുള്ളവര്‍ കിലോമീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥ ഇനിയും കാലങ്ങളോളം തുടരുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. തോട്ടഞ്ചേരി കാരിമറ്റം പ്രദേശങ്ങളെയും കടുംമ്പിടി കാലാമ്പൂര്‍ പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് 2002ല്‍ തൂക്കുപാലം നിര്‍മ്മിച്ചത്. കാരിമറ്റം തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവര്‍ക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേക്കും കൊച്ചി ദേശീയപാതയിലേക്കും, കാലാമ്പൂര്‍ കടുംമ്പിടി പ്രദേശങ്ങളിലുള്ളവര്‍ക്ക് രണ്ടാര്‍, തൊടുപുഴ, മൂവാറ്റുപുഴ റോഡിലേക്ക് എത്തിച്ചേരുന്നതിനും ഇവിടെ ഒരു പാലം അത്യാവശ്യമാണ്. പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലം പുനര്‍ നിര്‍മ്മിക്കുന്നതിനായി 2020ല്‍ റീബില്‍ഡ് കേരളം പദ്ധതിയില്‍പ്പെടുത്തി ഒരുകോടി 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ തൂക്കുപാലത്തിന് പകരം വാഹന ഗതാഗതത്തിന് കൂടി സാധ്യമാകുന്ന 8 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാന്‍ ജനപ്രതിനിധികള്‍ ചേര്‍ന്ന് തീരുമാനം എടുത്തതോടെയാണ് പാലം നിര്‍മ്മാണം അനിശ്ചിതത്വത്തിലായത്. ഇതിനിടെ തൂക്കുപാലത്തിന് അനുവദിച്ച ഫണ്ട് ലാപ്‌സ് ആവുകയും ചെയ്തു. കോണ്‍ക്രീറ്റ് പാലം കിട്ടിയില്ലെങ്കിലും പഴയതുപോലെ ഒരു തൂക്കുപാലം എങ്കിലും കിട്ടിയാല്‍ മതിയെന്ന് അവസ്ഥയിലാണ് വാഗ്ദാനങ്ങള്‍ കേട്ടുമടുത്ത ജനങ്ങള്‍. തോട്ടഞ്ചേരി കാരിമറ്റം ഭാഗത്തെ ഭൂരിഭാഗം ജനങ്ങളും റേഷന്‍കടയെ ആശ്രയിക്കുന്നത് മറുകരയിലുള്ള കടുമ്പിടിയെയാണ്. ചെറിയ വള്ളം ഉപയോഗിച്ചുള്ള കടത്ത് ഉണ്ടെങ്കിലും മഴക്കാലങ്ങളിലും പുഴയില്‍ വെള്ളം ഉയരുമ്പോഴും വിദ്യാര്‍ത്ഥികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ജനങ്ങളുടെ യാത്ര ദുരിതക്കയത്തില്‍ ആവുകയാണ്. ജനസേവനം എന്ന മുഖംമുടി അണിഞ്ഞവരുടെ അവകാശവാദ തര്‍ക്കങ്ങളും ചരട് വരികളുമാണ് പാലം നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ഇവിടെയുള്ള ജനങ്ങള്‍ കരുതുന്നു. പാലം എന്ന സ്വപ്നവുമായി എത്ര കാലം അക്കരെ ഇക്കരെ നില്‍ക്കേണ്ടി വരും എന്ന ചോദ്യമാണ് പ്രദേശവാസികള്‍ അധികാരികളോട്ചോദിക്കുന്നത്.

Back to top button
error: Content is protected !!