വിജ്ഞാനോത്സവം ആഘോഷമാക്കി നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ (ഓട്ടോണോമസ്) ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനോത്സവം നടത്തി. കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ ദീക്ഷാരംഭ് 2024-25 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കേരള ടൂറിസം ഡയറക്ടറും, കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി.ബി നൂഹ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ അല്‍പ്പം മാര്‍ക്ക് കുറഞ്ഞാലും നല്ല മനുഷ്യരാവുക എന്നതാണ് പ്രധാനമെന്നും, വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കണമെന്നും പി.ബി നൂഹ് ഐഎഎസ് പറഞ്ഞു.കോതമംഗലം രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ ഫാ.ഡോ. പയസ് മലേക്കണ്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജസ്റ്റിന്‍ കെ കൂര്യാക്കോസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, കോളേജ് ബര്‍സാര്‍ ഫാ.പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, അഡ്മിഷന്‍ നോഡല്‍ ഓഫീസര്‍ മാത്യൂസ് കെ മനയാനി എന്നിവര്‍ പ്രസംഗിച്ചു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്നും അരങ്ങേറി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിഭാഗതല ഓറിയന്റേഷനും, നാലു വര്‍ഷ ബിരുദവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും മറുപടിയും നല്‍കി. നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കോളേജില്‍ ദീക്ഷാരംഭ് പരിപാടിയുടെ ഭാഗമായി സെല്‍ഫി കോര്‍ണറും ഒരുക്കി. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്‍ഡക്ഷന്‍ പോഗ്രാം ജൂലൈ 6 ശനിയാഴ്ച്ച സമാപിക്കും. നവാഗതരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ ക്ലാസുകളും ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

Back to top button
error: Content is protected !!