മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് 17.07.2021

 

ഇന്ന് 16,148 പേര്‍ക്കാണ് കോവിഡ്ബാധ സ്ഥിരീകരിച്ചത്. 1,50,108പേരെ പരിശോധിച്ചതിലാണിത്. പരിശോധനയുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 114 പേരാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. ഇപ്പോള്‍ ആകെ 1,24,779 പേരാണ് ചികിത്സയിലുള്ളത്.

കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ പലതരം പ്രതികരണങ്ങളാണുണ്ടാക്കുന്നത്. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
29 ശതമാനം വരെ ഉയര്‍ന്നിരുന്നു. രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക്
കുറഞ്ഞ് ഇപ്പോള്‍ 10 ന് മുകളിലായി ഏതാനും
ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ടി പി ആര്‍ താഴാതെ സ്ഥിരതയോടെ നിലനില്‍ക്കുന്നു.

രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരെയും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെയും പ്രധാനമായും ടെസ്റ്റ് ചെയ്യുന്ന ടാര്‍ഗറ്റഡ് ടെസ്റ്റിംഗ് രീതിയാണ് സംസ്ഥാനം പിന്തുടരുന്നത്. ഇങ്ങിനെ ചെയ്യുമ്പോള്‍ സ്വാഭാവികമായും പോസിറ്റീവായവരെ കൂടുതല്‍ കണ്ടെത്തുന്നത് കൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിരിക്കുന്നത്.

എങ്കിലും രോഗ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയ ഘട്ടത്തില്‍ പോലും മികച്ച ചികിത്സ ഒരുക്കുവാനും മരണങ്ങള്‍ പരമാവധി തടയുവാനും നമുക്കു സാധിച്ചു. കോവിഡ് ആശുപത്രി കിടക്കളുടെ എഴുപത് ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുകയാണ്.

കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ
ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്. ഗുരുതരമായ രോഗലക്ഷണമില്ലാതെ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍
കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില്‍ മാറി താമസിക്കാന്‍ ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയും ലഘൂകരിച്ച ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയും കോവിഡ് വാക്സിനേഷന്‍ ത്വരിതഗതിയിലാക്കിക്കൊണ്ടും രണ്ടാം തരംഗത്തെ അതിജീവിക്കാനാണ്
ശ്രമിച്ച് വരുന്നത്. കേന്ദ്രത്തില്‍
നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ
വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. അര്‍ഹമായ മുറക്ക് വാക്സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് രണ്ടാം തരംഗം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും. ഇന്നത്തെ നിലയില്‍ പോയാല്‍ രണ്ടു മൂന്ന് മാസങ്ങള്‍ക്കകം തന്നെ 60-70 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

എത്ര പരിമിതമായാലും ലോക്ക്ഡൌണ്‍ വലിയ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ ഗതി ദിവസേന വിലയിരുത്തി കൂടുതല്‍
ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ തോതില്‍ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയുന്നത്.

നിയന്ത്രണങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നിലവില്‍ എ വിഭാഗത്തില്‍
(ടി പി ആര്‍ 0 മുതല്‍ 5 വരെ) 86 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, കാറ്റഗറി ബിയില്‍
(5 മുതല്‍ 10 വരെ ) 392 തദ്ദേശ സ്ഥാപനങ്ങളും സി വിഭാഗത്തില്‍ (10 മുതല്‍ 15 വരെ) 362 സ്ഥാപനങ്ങളുമാണുള്ളത്. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള 194 തദ്ദേശ സ്ഥാപനങ്ങളുണ്ട്.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വൈകാതെ അിറയിക്കും(ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം നല്‍കിയ ഇളവുകള്‍ ഇന്നലെ അിറയിച്ചിരുന്നുവല്ലൊ)

ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക്
റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍
40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. ആ എണ്ണം പാലിക്കാൻ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം.

എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഹെയര്‍
സ്റ്റൈലിംഗിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ
കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും.

ഒരുഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കുമാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം.

എഞ്ചിനിയറിങ്ങ്-പോളി ടെക്നിക്ക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കണം.

കൂടുതല്‍ ക്രമീകരണങ്ങള്‍ അടുത്ത അവലോകന യോഗം ചര്‍ച്ചചെയ്യും.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 12,381 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 7,616 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 33,01,600 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

*പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്*

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് സ്ത്രീകള്‍ നേരിടേണ്ടിവരുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇത്തരം അതിക്രമങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശന്ങ്ങള്‍ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുകയാണ്.

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍വരും. പത്ത് ഘടകങ്ങളാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക.
ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു.

വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്‍റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവില്‍വരും.

*ഡിജിറ്റൽ‍ വിദ്യാഭ്യാസം*

ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം ഫലപ്രദമായി നമുക്ക് നടത്താൻ കഴിഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു.

ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും.

വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം ലഭ്യമാണെന്നും എത്ര കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമാക്കണമെന്നും കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിന്‍റെ ആദ്യപടി. പി.ടി.എ.കളുടെ നേതൃത്വത്തിലുള്ള സ്കൂള്‍തല സമിതിക്കാണ് ഇതിന്‍റെ ചുമതല.

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും. കണക്ടിവിറ്റി പ്രശ്നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്.

ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുണ്ട്. അവര്‍ക്ക് സഹകരണ ബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം.

സ്കൂള്‍തലത്തില്‍ സമാഹരിച്ച വിവരങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് സ്കൂള്‍, വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന, ജില്ലാ, സംസ്ഥാനതല
സമിതികള്‍ രൂപീകരിക്കും. സമിതികളില്‍ ചിലത് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഉപകരണങ്ങള്‍ ആവശ്യമായ കുട്ടികളുടെ എണ്ണം ഡിജിറ്റല്‍ വിദ്യഭ്യാസം ഉപ്പാക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിനായി വികസിപ്പിച്ച പോര്‍ട്ടലില്‍ ലഭ്യമാക്കും. ഈ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും ഇതിനായി വിനിയോഗിക്കാവുന്നതാണ്.

പൊതുനന്മാഫണ്ട് പ്രയോജനപ്പെടുത്താന്‍ പ്രത്യേക പ്രോജക്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനവും പോര്‍ട്ടലിന്‍റെ ഭാഗമായി ഒരുക്കും. സംഭാവന സ്വീകരിക്കാന്‍ സി.എം.ഡി.ആര്‍.എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉദ്യമത്തിന്‍റെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവര്‍ത്തന പരിപാടിയില്‍ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

ഒരോ വിദ്യാലായത്തിന്‍റെയും വിഭവ ശേഷി വളരെ വലുതാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അഭ്യുദയകാംക്ഷികള്‍, സാമൂഹിക സാംസ്കാരിക
സംഘടനകള്‍ എന്നിവരടങ്ങിയ വന്‍ ജനകീയ മുന്നേറ്റമായി ഈ ക്യാമ്പയിന്‍ മാറ്റാനാകണം. അതുകൊണ്ട് കഴിയുന്ന സംഭാവനകള്‍ ഈ സദുദ്യമത്തിന് ഉറപ്പാക്കണം. അതുവഴി നമുക്ക് ഒന്നായി നാടിന്‍റെ ഭാവി മാറ്റി പണിയുന്നതിനും നവകേരള സൃഷ്ടിക്കുമുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസയജ്ഞത്തില്‍ പങ്കാളികളാകാം.

*യൂറോപ്പിലെ പ്രളയം*

പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ നൂറ്റാണ്ടിലെ
ഏറ്റവും വലിയ പ്രളയക്കെടുതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലാണ്ട് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതിനോടകം
120 ആളുകള്‍ മരണപ്പെട്ടതായും നൂറ് കണക്കിന് ആളുകളെ കാണാതായെന്നുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി നടന്നു വരികയാണ്.

അവിടങ്ങളിലുള്ള മലയാളി സമൂഹവും തദ്ദേശീയ ജനതയും തന്നെ കേരളത്തെ മഹാപ്രളയം ഗ്രസിച്ച ഘട്ടത്തില്‍ നമ്മോടൊപ്പം നിന്നവരും പിന്തുണച്ചവരുമാണ്. വിശേഷിച്ച് നെതര്‍ലാന്‍ഡ്സ് സര്‍ക്കാര്‍ കേരളത്തോട് കാണിച്ച
സ്നേഹവും സഹകരണവും വിലമതിക്കാനാവാത്തതായിരുന്നു. നെതര്‍ലാന്‍ഡ്സ് രാജാവ്
വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കേരളം സന്ദര്‍ശിച്ചതുമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ ദുരിതഘട്ടത്തില്‍ പ്രളയം ബാധിച്ച പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളോട് കേരളം
ഐക്യപ്പെടുകയാണ്. യൂറോപ്പിലുള്ള മലയാളി സമൂഹത്തോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികാളാവാന്‍ അഭ്യര്‍ത്ഥിക്കുക കൂടി ചെയ്യുന്നു.

*കാലാവസ്ഥ*

ജൂലൈ 21-ഓട് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍
ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷ സമയത്ത് വടക്കന്‍ ബംഗാള്‍
ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ കേരളത്തിലെ മഴ ശക്തിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്ക് അതിതീവ്ര മഴ ലഭിച്ചത് ഇത്തരത്തില്‍ ന്യൂനമര്‍ദങ്ങളുണ്ടായ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ട് അതീവ ജാഗ്രത
അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ആവശ്യമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ന്യൂനമര്‍ദ
രൂപീകരണം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കാനാകും.
അതുകൊണ്ട് വരും ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണുക. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം
നല്‍കിയിട്ടുണ്ട്.

കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തെ മഴ പ്രവചനം അനുസരിച്ച് കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

ശക്തമായ മഴ തുടരുമ്പോഴും ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് മൂലം അപകടങ്ങളില്‍ പെടുന്ന സ്ഥിതി വിശേഷമാണുള്ളത്. മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളില്‍ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഈ ദിവസങ്ങളിൽ
പൂര്‍ണ്ണമായും ഒഴിവാക്കണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 18 വരെ മല്‍സ്യബന്ധനത്തിനായി
കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത തുടരണം.

*ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം*

ശബരിമലയിൽ 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അത് 10,000 ആക്കി വർധിപ്പിക്കാൻ തീരുമാനിച്ചു.

*സഹായം*

കേരളത്തിലെ 5 തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് (നമ്പര്‍ 3211 ) മൂന്നര കോടി രൂപ ചെലവില്‍ 36 ഐ സി യു വെന്‍റിലേറ്ററുകള്‍ കൈമാറി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 11 ആം വാര്‍ഡില്‍ 44 കിടക്കകളില്‍ ഓക്സിജന്‍ സൗകര്യമൊരുക്കുവാനും, അറ്റകുറ്റപണികള്‍ ചെയ്യുവാനും യുവാക്കളുടെ കൂട്ടായ്മയായ റൈസ് അപ് ഫോറം ആറര ലക്ഷം രൂപ കൈമാറി.

*ദുരിതാശ്വാസ നിധി*

ആള്‍ ഇന്ത്യാ ബി എസ് എന്‍ എല്‍ ഡി ഒ ടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ കേരള,
സംസ്ഥാന കമ്മറ്റി 15,09,891 രൂപ

കോഴിക്കോട് സിറ്റി ജില്ലാ ആസ്ഥാനത്തിലെ 162 പോലീസ് ഉദ്യോഗസ്ഥര്‍ മാറ്റിവെച്ച ശമ്പളത്തിന്‍റെ ആദ്യഗഡു 11,28,651 രൂപ

കോണ്‍ഗ്രസ് എസിന്‍റെ സ്ഥാപകദിനാഘോഷം ഒഴിവാക്കി ഇതിനായി സ്വരൂപിച്ച 3,17,500 രൂപ രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി.

കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) സംസ്ഥാന കമ്മിറ്റി
2 ലക്ഷം രൂപ

പി എസ് സി എല്‍ഡേഴ്സ് ഫോറം 1,60,500 രൂപ

കുളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 1,28,460 രൂപ

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ
എല്‍ ഡി എഫ് മെമ്പര്‍മാരുടെ
ഓണറേറിയവും തൊഴിലുറപ്പ് തൊഴിലാളികള്‍ ശേഖരിച്ച ആക്രി സാധനങ്ങള്‍ വിറ്റ തുകയും ചേര്‍ത്ത് 1,12,200 രൂപ

പട്ടിക ജാതി ക്ഷേമ സമിതി തിരുവനന്തപുരം
1 ലക്ഷം രൂപ

തൃശ്ശൂര്‍ ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍
1 ലക്ഷം രൂപ

മാങ്കുളം ഗ്രാമ പഞ്ചായത്ത് 1 ലക്ഷം രൂപ

സി ഡി എസ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത്
1 ലക്ഷം രൂപ.

Back to top button
error: Content is protected !!