കോട്ടപ്പടി കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്ത് ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ഇന്ന് രാവിലെ പ്രദേശവാസികളാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. 15 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് സമീപത്ത് പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനില്‍ തട്ടിയാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി ജഡം മലയാറ്റൂര്‍ ഡിവിഷന്‍ ഭാഗത്ത് കൊണ്ട് പോയി. പോസ്റ്റ്‌മോര്‍ട്ടം അവിടെ നടത്തി മറവ് ചെയ്യുവാനാണ് തീരുമാനം. ജഡം ക്രെയിന്‍ ഉപയോഗിച്ച് വടം കെട്ടി ഉയര്‍ത്തിയാണ് ടിപ്പറിലേക്ക് മാറ്റിയത്. ആനയെ വാഹനത്തില്‍ കൊണ്ട് പോകുന്നത് കാണുവാനായി റോഡിന് ഇരു വശങ്ങളിലും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്. ഫെന്‍സിംഗ് കൊണ്ട് മാത്രം ആനയുടെ ശല്യം അവസാനിക്കില്ലെന്നും ട്രഞ്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോടനാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ആദര്‍ശ്, സന്തോഷ് കുമാര്‍ ഐഎഫ്എസ് എഡിസിഎഫ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ബിനോയ് സി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്

Back to top button
error: Content is protected !!