കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തുരുമ്പെടുത്ത് നശിക്കുന്നു

മൂവാറ്റുപുഴ: നഗരഹൃദയത്തില്‍ പണിതീര്‍ത്ത കച്ചേരിത്താഴം വവ്വാല്‍ ബസ് കാത്തിരിപ്പു കേന്ദ്രം തുരുമ്പെടുത്തു നശിക്കുന്നു. 40 ലക്ഷം രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ബസ് കാത്തുനില്‍പ്പ് കേന്ദ്രത്തിന്റെ വവ്വാലിന്റെ മാതൃകയിലുള്ള മേല്‍ക്കൂരയിലാണ് തുരുമ്പെടുക്കുന്നത്. 2019ല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷം ഇതുവരെയും അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. കാലവര്‍ഷം എത്തി മഴകനത്തതോടെ വവ്വാലിന്റെ മാതൃകയിലുള്ള മേല്‍ക്കൂരക്ക് മുകളിലെ പൈപ്പുകളിലാണ് തുരുമ്പ് വ്യാപിച്ചിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ താഴെ നിന്ന് നോക്കിയാല്‍ പൈപ്പുകളിലെ തുരുമ്പുള്ളത് മനസ്സിലാക്കാന്‍ സാധിക്കില്ല, എന്നാല്‍ സമീപത്തെ കോടതി സമുച്ചയത്തിന്റെ മുകളില്‍നിന്ന് നോക്കിയാല്‍ പൈപ്പുകള്‍ അപകടാവസ്ഥയിലായിരിക്കുന്നത് വ്യക്തമാകും. കൂറ്റന്‍ തൂണുകള്‍ക്ക് മുകളില്‍ ടെന്‍സൈല്‍ ഫാബ്രിക് ഉപയോഗിച്ചാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം തീര്‍ത്തത്. വിലകൂടിയ ടെന്‍സൈല്‍ ഫാബ്രിക് ദീര്‍ഘകാലം ഈടുനില്‍ക്കുമെങ്കിലും ഇവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പുകളിലാണ് ഇപ്പോള്‍ തുരുമ്പ് വ്യാപിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയ്ക്കാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍വഹണചുമതല. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ മുന്‍സിപ്പല്‍ എഞ്ചിനിയര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള എസ്റ്റിമേസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നഗരസഭ ചെയര്‍മാന്‍ പിപി എല്‍ദോസ് പറഞ്ഞു.

Back to top button
error: Content is protected !!