പുതുവത്സരാഘോഷം – കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടി.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുതുവത്സര ആഘോഷങ്ങൾ നടത്തിയാൽ കർശന നടപടി എടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പുതുവത്സരാഘോഷം സമാധാനപരമായി നടക്കുന്നതിന് എറണാകുളം റൂറൽ ജില്ലയിൽ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ആയിരത്തി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ പുതുവത്സര തലേന്ന് മുതൽ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊർജിതമാക്കും, മദ്യവിൽപ്പന ശാലകളിൽ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ വില്പന അനുവദിക്കുകയുള്ളൂ ആയത് പോലീസ് കർശനമായി നിരീക്ഷിക്കുന്നതാണ്. പൊതുസ്ഥലങ്ങളിലും, ബീച്ചുകളിലും, പാർക്കുകളിലും മറ്റും മദ്യപിക്കുന്നവരെയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥര്‍ മഫ്തിയിലും ഡ്യൂട്ടിക്കായി ഉണ്ടായിരിക്കുന്നതാണ്. ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിലും പാർക്കുകളിലും മറ്റും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മുതൽ എറണാകുളം റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പോലീസ് ബന്തവസ്, പ്രത്യേക പോലീസ് പട്രോളിങ് എന്നിവ ഉണ്ടായിരിക്കും കൂടാതെ വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി ക്യാമറകളുടെ സഹായത്തോടെ വാഹനപരിശോധനയും, ഇന്‍റര്‍സെപ്റ്റര്‍ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ടൂറിസ്റ്റ് മേഖലകളിൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തിയില്‍ പോലീസുദ്യോഗസ്ഥര്‍ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ബീച്ചുകളിലും മറ്റും ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. രാത്രിയിൽ അനുവദനീയമായ സമയത്തിനുശേഷം ആളുകളെ ബീച്ചിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഡി.ജെ പാർട്ടികളും മറ്റും ഒഴിവാക്കി സഹകരിക്കണം. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ രാത്രി കാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. പുതുവത്സരാഘോഷങ്ങൾ രാത്രി 10 മണിക്ക് ശേഷം അനുവദിക്കുന്നതല്ല.
പൊതുനിരത്തുകളിൽ കാർ റൈസിംഗ് മോട്ടോർ ബൈക്ക് റേസിംഗ് ആൾട്ടറേഷൻ ബൈക്ക് ഉപയോഗിച്ചുള്ള റൈഡിങ് എന്നിവ കണ്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്. കൊവിഡ് വ്യാപനം കൂടുന്നതിന്‍റെയും, ജനിതക വകഭേദം വന്ന വൈറസിന്‍റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷ വേളയിൽ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.

Back to top button
error: Content is protected !!