ജില്ലയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേക കര്‍മപദ്ധതി

കൊച്ചി: ജില്ലയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ ഭക്ഷ്യ വിഷബാധ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവക്ക് പുറമേ തദ്ദേശ സ്വയംഭരണം, റവന്യൂ, പൊലീസ് തുടങ്ങി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കും. നിശ്ചിത ലക്ഷ്യം നല്‍കി പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി ഓരോ ഭക്ഷണ വിതരണ കേന്ദ്രങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പടെയുള്ള ജില്ലാതല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഇതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ ജില്ലയിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളുടെ കണക്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന വിവിധ ക്യാമ്പുകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി ഒരുക്കുന്ന താല്‍ക്കാലിക അടുക്കളകളും പരിശോധിക്കും. ഇവ വൃത്തിയുള്ളതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണെന്ന് ഉറപ്പു വരുത്തും. ആരോഗ്യവകുപ്പിന്റെ വണ്‍ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വ്വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്തു. 250 വീടുകള്‍ക്ക് രണ്ടുപേര്‍ വീതമാണ് സര്‍വേ നടത്തുക. ജില്ലയിലെ 9.34 ലക്ഷം വീടുകളിലെ മുഴുവന്‍ പേരെയും സര്‍വേയുടെ ഭാഗമാക്കും. ദേശീയ വിരവിമുക്തി ദിനത്തോടനുബന്ധിച്ച നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഇതുവരെ 72 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് വിരമരുന്നായ ആല്‍ബന്റസോള്‍ നല്‍കിയത്. ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ മാസം 24ന് സ്‌കൂളുകളില്‍ തന്നെ വിതരണം ചെയ്യും. ജില്ലാ വികസന കമ്മീഷണറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സവിത, ജില്ലാ സര്‍വയ് ലന്‍സ് ഓഫീസര്‍ ഡോ. കെ.കെ. ആശ, ഭക്ഷ്യ സുരക്ഷ എറണാകുളം നോഡല്‍ ഓഫീസര്‍ എമിമോള്‍ എബ്രഹാം, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!