പുതിയ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി.. “ജോയി വാഴയിലിൻ്റെ ” ഉയർച്ചയിൽ പൂതൃക ഗ്രാമവും അഭിമാനിക്കുന്നു.. മധുരം വിളമ്പി നാട് ആഘോഷിച്ചു.

 

കോലഞ്ചേരി: നിശ്ചയദാർഡ്യത്തിൻ്റെ ഉത്തമ മാതൃക ജീവിതത്തിൽ ഇന്നോളം കാത്ത് സൂക്ഷിച്ച വ്യക്തിയാണ് വി.പി. ജോയി ഐ.എ.എസ് എന്ന് കേരളത്തിൻ്റെ മുമ്പിൽ ഒരു നാട് സാക്ഷി പറയുകയാണ്.കേരളത്തിൻ്റെ 47 മത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ വി.പി. ജോയി പൂതൃക്ക ഗ്രാമത്തിന് ജോയി വാഴയിലാണ്. തികച്ചും കർഷകരായ പത്രോസ്-ഏലിയാമ്മ ദമ്പതികൾക്ക് 5 മക്കളിൽ രണ്ടാമനായി ജനിച്ച വി.പി.ജോയി പൂതൃക്കയ്ക്കടുത്ത് കിങ്ങിണിമറ്റം എം.എം യു.പി.സ്കൂളിലാണ് വിദ്യാഭ്യാസ കാലഘട്ടത്തിന് തുടക്കം കുറിച്ചത്. തൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അന്നത്തെ പൂതൃക്ക ഗവ: ഹൈസ്കൂളിലായിരുന്നു. വി.പി.ജോയി യുടെ സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ വി.പി. ജോയിയുടെ തുടർ വിദ്യാഭ്യാസ ജീവിതത്തിലെ ഓരോ നാഴികക്കല്ലിലും പൂതൃക്ക സ്കൂളും ഒപ്പം ഒരു നാടും അഭിമാനിച്ചിരുന്നു.തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്ന് ബിരുദവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക്ക് അഡ്മിനിസ്ട്രേഷനിൽ നിന്ന് എം.ഫിലും, ബർമിംങ്ങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദവും, ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം തിരുവനന്തപുരം വി.എസ്.എസ്.സി യിൽ എൻജിനീയറായാണ് ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. 1987 ൽ സിവിൽ സർവ്വീസ് പരീക്ഷ പാസ്സാവുകയും ചെയ്തു.പടി പടിയായുള്ള ജോയി വാഴയിലിൻ്റെ വളർച്ചയ്യിൽ ഈ നാടും അഭിമാനിച്ചിരുന്നു.ഹഡ് കോ വൈസ് ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ പഠിച്ച പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളിനും, പൂതൃക്ക കർഷക വിപണിക്കും ഫണ്ടുകൾ അനുവദിച്ചത് അദ്ദേഹത്തിൻ്റെ നാടിനോടുള്ള വികസന കാഴ്ച്ചപാടായി കാണാം. നിലവിൽ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെയെത്തി ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.
ചെറുപ്പം മുതൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുത്ത് പ്രാവീണ്യം നേടിയ വി.പി. ജോയി ഇതിനോടകം നിരവധി കവിതകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ “നിമിഷ ജാലകം “എന്ന കവിതാസമാഹാരത്തിന് എസ്.കെ. പൊറ്റെക്കാട്ട് അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ ഷീജയും ,വെല്ലൂരിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ മകൾ ഷാരോണും ന്യൂസിലൻഡിൽ ഉപരി പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന മകൻ സച്ചിനും ഉൾപ്പെടുന്നതാണ് കുടുംബം.ഇന്നലെ വി.പി. ജോയി ഐ.എ എസ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ നിമിഷം പൂതൃക്ക പബ്ളിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ മധുരം വിളമ്പിയാണ് ആഘോഷിച്ചത്. കേരളത്തിൻ്റെ അഭിമാനമായി മാറിയ വി.പി. ജോയിയുടെ നേട്ടത്തിൽ പൂതൃക്കയ്ക്കും അഭിമാനിക്കാം …..
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)
ഫോട്ടോ: പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി ഐ.എ.എസ് ചുമതലയേറ്റ നിമിഷം പൂതൃക്ക പബ്ളിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പൂതൃക്കയിൽ ലെഡു വിതരണം നടത്തുന്നു.

Back to top button
error: Content is protected !!