ഞങ്ങളും കൃഷിയിലേയ്ക്ക്; കതിരണിയാനൊരുങ്ങി ഈസ്റ്റ് മാറാടി കടുവേലി പാടശേഖരം

 

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കടുവേലി പാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. മാറാടി ഗ്രാമപഞ്ചായത്ത് ഒന്‍മ്പതാം വാര്‍ഡിലെ നാല് ഏക്കര്‍ വരുന്ന ഈസ്റ്റ് മാറാടി കടുവേലിപാടശേഖരത്തില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി ആരംഭിക്കുന്നത്. 20-വര്‍ഷമായി തരിശായി കിടന്ന പാടശേഖരം നെല്‍കൃഷിക്കായി നിലമൊരുക്കുന്നതിനായി മാലിന്യങ്ങളും ചപ്പ് ചവറുകളുമെല്ലാം നീക്കം ചെയ്ത് ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുത് കൃഷിയിറക്കുന്നതിന് പാകമാക്കി കഴിഞ്ഞു. നേരത്തെ വിതച്ച് ഉമ ഇനത്തില്‍ പെട്ട വിത്തിന്റെ ഞാറും നടുന്നതിനായി ഒരുക്കി കഴിഞ്ഞു. ഞാറ് നടുന്നതിന് നടീല്‍ യന്ത്രവും ഒരുക്കിയിട്ടുണ്ട്. വേനല്‍ കാലത്ത് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനായി താല്‍ക്കാലിക തടയണയും നിര്‍മിച്ചിട്ടുണ്ട്. കിസ്സാന്‍ സഭ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പോള്‍ പൂമറ്റത്തിന്റെ’ നേതൃത്തത്തില്‍ റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടില്‍, പ്രിന്‍സ് ആനിയ്ക്കാട് എന്നിവരുടെ നേതൃത്തത്തിലാണ് കൃഷി യിറക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയ്ക്ക് പിന്തുണയായിട്ടാണ് വര്‍ഷങ്ങളായി തരിശായി കിടന്ന ഭൂമിയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നെല്‍കൃഷി ആരംഭിക്കുന്നത്. അടുത്തമാസം രണ്ടിന് നടക്കുന്ന നടീല്‍ ഉത്സവം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ മണ്ഡലം സെക്രട്ടറി പോള്‍ പൂമറ്റം അധ്യക്ഷത വഹിക്കും. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും.

Back to top button
error: Content is protected !!