മൂവാറ്റുപുഴ നഗരത്തില്‍ മാലിന്യം തളളിയ അമ്പതോളം പേര്‍ പിടിയില്‍

മൂവാറ്റുപുഴ: നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയതോടെ മൂവാറ്റുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലുളള പൊതു നിരത്തില്‍ മാലിന്യം തളളിയ അമ്പതോളം പേര്‍ പിടിയില്‍. വാഴപ്പിളളി ലിസ്യൂ സെന്റര്‍ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്‌സ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി ഈ മാസം 9, 15, 20 തിയതികളിലായി രാത്രി കാലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പകല്‍ പരിശോധന ശക്തമാക്കിയതോടെ മാലിന്യം തളളുന്നതിന് രാത്രി കാലങ്ങള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇത് മനസിലാക്കി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജോ മാത്യു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു രാമചന്ദ്രന്‍, ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ച് രാത്രി പരിശോധന ശക്തമാക്കിയിരുന്നു. ഇതോടെ ഇരുളിന്റെ മറവില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തളളിയവര്‍ പിടിയിലാകുകയും ചെയ്തു. മാലിന്യം നിക്ഷേപിച്ച ഇരുപത്തിഅഞ്ചോളം പേര്‍ക്ക് തല്‍ക്ഷണം നോട്ടീസ് നല്‍കി. ഇവരില്‍ നിന്ന് 14250 രൂപ പിഴ ഈടാക്കുകയും, മേലില്‍ ആവര്‍ത്തിക്കില്ലെന്ന സത്യ പ്രസ്ഥാവന എഴുതി വാങ്ങുകയും ചെയ്തു. ഇനിയുംആവര്‍ത്തിച്ചാല്‍ പോലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിന് പുറമെ ഇരു ചക്ര വാഹനത്തിലും മറ്റുമെത്തി നിരത്തില്‍ മാലിന്യം തളളിയ പതിനേഴ് വാഹനങ്ങളെ കുറിച്ചും വിവരം ലഭിച്ചു. ഇവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വിലാസം ശേഖരിച്ച് ഇതിനകം നോട്ടീസ് അയച്ചു കഴിഞ്ഞു. ഇനിയും പിഴ അടയ്ക്കാത്തവര്‍ക്ക് രണ്ടാം ഘട്ട നോട്ടീസ് അയക്കുന്നതിനുളള നടപടിയും പുരോഗമിക്കുന്നു. നഗരാതൃത്തിയില്‍ അനധികൃതമായി മാലിന്യം തളളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും രാത്രി കാലം ഉള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു.

 

 

Back to top button
error: Content is protected !!