പമ്പ് ഹൗസിനു ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തം

പോത്താനിക്കാട്: പമ്പ് ഹൗസിനു അപകട ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോത്താനിക്കാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പറമ്പഞ്ചേരി ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം കേട് പിടിച്ചു നില്‍ക്കുന്ന 60 ഇഞ്ചോളം വലുപ്പമുള്ള ബദാം മരമാണ് ഭീഷണി ഉയര്‍ത്തുന്നത്. ശക്തമായൊരു കാറ്റോ മഴയോ ഉണ്ടായാല്‍ മരം നിലംപൊത്തും. ബദാം വളര്‍ന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച സംരക്ഷ ഭിത്തിയ്ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. മുന്‍പുണ്ടായൊരു കാറ്റില്‍ ഈ മരത്തിന്റെ വലിയ ഒരു കമ്പ് ഒടിഞ്ഞ് വീണ് പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കനത്ത കാറ്റും മഴയും ഉള്ളപ്പോള്‍ പ്ലാന്റിലെ ജീവനക്കാര്‍ ഭീതിയോടെയാണ് പമ്പ് ഹൗസില്‍ കഴിയുന്നത്. സമീപത്തുകൂടി 11 കെ.വി വൈദ്യുത ലൈന്‍ പോകുന്നുണ്ട്. മരം വീണാല്‍ വലിയ അപകടം സംഭവിക്കുവാനും സാധ്യതയുണ്ടത്രെ. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇനിയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം ഭീഷണിയായി നില്‍ക്കുന്ന മരം വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!