രാജ്യവ്യാപക പഠിപ്പുമുടക്ക്: നിര്‍മ്മല കോളേജിന് മുന്നില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍

മൂവാറ്റുപുഴ: രാജ്യവ്യാപകമായി എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുന്നില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. നീറ്റ് പരീക്ഷാ സമ്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ നിര്‍മ്മലാ കോളേജിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ പതിനഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികളെ കോളേജിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന് അകത്തേക്ക് പ്രവേശിക്കാനാകാതെ വന്നതോടെ കോളേജ് മാനേജ്മെന്റ് അധികൃതരും, പോലീസും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരുമായി പോലീസ് ദീര്‍ഘനേരം അനുനയ ചര്‍ച്ച നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ പോലീസ് ബലംപ്രയോഗിച്ച് എസഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശിക്കുകയും ക്ലാസുകള്‍ തടസ്സം കൂടാതെ നടക്കുകയും ചെയ്തു.

 

Back to top button
error: Content is protected !!