സ്നേഹവീട്ടിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

മൂവാറ്റുപുഴ: സ്നേഹവീട്ടിലെ അമ്മമാരുടെ ദുരൂഹ മരണങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. നഗരസഭയുടെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുമതലയില്‍ നടത്തി വന്ന അഭയകേന്ദ്രത്തില്‍ 14 ദിവസത്തിനിടെ 5 അന്തേവാസികളുടെ ദുരൂഹമരണങ്ങളും അവിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹിക പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ.ഷാജി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വന്നതെന്നും, ഇവിടെ ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടാല്‍ പോലും അടിയന്തിര ചികിത്സ നിഷേധിക്കുന്ന സമീപനം കണ്ടു വരുന്നെന്നും എം.ജെ.ഷാജി ആരോപിച്ചു. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ അമ്മമാരുടെ മരണം മൂടിവെയ്ക്കാന്‍ ചുമതലക്കാര്‍ ശ്രമിച്ചുവെന്നും, രോഗബാധിതര്‍ക്ക് ചികിത്സ നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും, കൂടാതെ അന്തേവാസികളുടെ ശേഷിക്കുന്ന സ്വത്തിനും സ്വര്‍ണ്ണാഭരണങ്ങള്‍ക്കും വേണ്ടി അനധികൃതമായി ഇടപെടുകയും ഉപദ്രവിക്കുകയും ഉണ്ടായി എന്ന ആരോപണം ഉണ്ടെന്നും പരാതിയില്‍ പറയുന്നു. സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് , നഗരസഭാ സെക്രട്ടറി, സുപ്രണ്ട് ജനറല്‍ ആശുപത്രി എന്നിവരെ എതിര്‍കക്ഷികളായി നല്‍കിയ പരാതിയില്‍ ഗുരുതര വീഴ്ചകളും മനുഷ്യാവകാശ ലംഘനങ്ങളും അടിയന്തിരമായി അന്വേഷിക്കണമെന്നാണ് ആവശ്യം

Back to top button
error: Content is protected !!