നിര്‍മ്മലഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിക്ക് തുടക്കമായി

മൂവാറ്റുപുഴ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കുട്ടികളില്‍ വായന ശീലം വളര്‍ത്തുന്നതിനായി ഒരു വര്‍ഷകാലം നീണ്ടു നില്‍ക്കുന്ന വായന പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ നിര്‍മ്മലഹയര്‍സെക്കന്ററി സ്‌കൂളില്‍ ആറൂര്‍ ( മീങ്കുന്നം) പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിക്ക് തുടക്കമായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറികള്‍ മുഖേനയാണ് പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി കെ ഉണ്ണി പദ്ധതി ഉദ്ഘാടനം ചെയ്തു. നിര്‍മ്മലഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എം.പി.ടി.എ പ്രസിഡന്റും ലൈബ്രറി വനിത വേദി പ്രസിഡന്റുമായ എല്‍ബി ജിബിന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓരോ മാസവും ആറൂര്‍ പബ്ലിക് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ സ്‌കൂളിലെത്തിക്കും ഇതിന് പുറമെ സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കും. കുട്ടികള്‍ വായന കുറിപ്പുകള്‍ എഴുതി എഴുത്തു പെട്ടിയില്‍ നിക്ഷേപിക്കുന്നു. എല്ലാമാസവും പ്രധാന അധ്യാപകന്റെ സാന്നിദ്ധ്യത്തില്‍ എഴുത്തുപെട്ടിതുറന്ന് ആസ്വാദനകുറിപ്പുകള്‍ പരിശോധിക്കും. മികച്ച രചനകള്‍ക്ക് ഓരോ മാസവും ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. വര്‍ഷാവസാനം ഏറ്റുവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ആസ്വാദനകുറിപ്പിന് മെഗാ ക്യാഷ് പ്രൈസ് നല്‍കുന്നപദ്ധതിയാണ് ലൈബ്രറിയുടെ മുഖേന സ്‌കൂളില്‍ നടപ്പാക്കുന്നതെന്ന് എല്‍ബി ജിബിന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!