അപകടങ്ങള്‍ തുടര്‍ക്കഥയായി മൂവാറ്റുപുഴ തേനി സംസ്ഥാന പാത: പൊലിഞ്ഞത് നാല് ജീവനുകള്‍

മൂവാറ്റുപുഴ: അപകടങ്ങള്‍ തുടര്‍ക്കഥയായി മൂവാറ്റുപുഴ തേനി സംസ്ഥാന പാത. സംസ്ഥാന പാതയുടെ ഭാഗമായ മൂവാറ്റുപുഴ – കല്ലൂര്‍ക്കാട് റോഡില്‍ രണ്ടാര്‍കര ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. കൊടുംവളവോടുകൂടിയ പ്രദേശത്ത് ചെറുതും, വലുതമായ 20ഓളം അപകടങ്ങളാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്. വിവിധ അപകടങ്ങളിലായി നാല് ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊടും വളവും, കുത്തനെയുള്ള ഇറക്കവുമാണെന്ന് അറിയാതെ ആദ്യമായെത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അപകട സൂചനാ ബോര്‍ഡുകളോ, ലൈറ്റുകളോ സ്ഥാപിക്കാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. ചെറിയ കയറ്റിറക്കമായിരുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ കുത്തനെയുള്ള കയറ്റിറക്കവും, കൊടും വളവുമായി മാറുകയായിരുന്നു. ഇതോടെയാണ് റോഡിലൂടെയെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെടാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചരക്കുമായെത്തുന്ന ടോറസ് ലോറികള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ ഇവിടെ അപകടത്തില്‍പെടുന്നത് പതിവാണ്. രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ കൂടുതലായും അപകടത്തില്‍പെടുന്നത്. നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ റോഡിന് താഴേക്ക് പതിക്കുകയും, അപകട വിവരം പ്രദേശവാസികളടക്കം അറിയാതെ ജീവന്‍ പൊലിയുകയും ചെയ്തിട്ടുള്ള സാഹചര്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകട വളവ് നിവര്‍ത്തുന്നതിനും, അപകട സൂചന ബോര്‍ഡ് സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Back to top button
error: Content is protected !!